പേരാമ്പ്ര: കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഡിഎച്ച്എസ് ഓഫീസ് ധര്‍ണ്ണ മാര്‍ച്ച് 18 ന് നടക്കും.

ആരോഗ്യവകുപ്പിലെ ഗുരുതരമായ മാനവ വിഭവശേഷിക്കുറവ് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിലും, ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പ്രതികാര മനോഭാവത്തോടുകൂടിയുള്ള അച്ചടക്ക നടപടികളിലും പ്രതിഷേധിച്ചാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷന്‍ മാര്‍ച്ച് 18 ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് മുന്നില്‍ പ്രതിഷേധധര്‍ണ സംഘടിപ്പിക്കുന്നത്. രാവിലെ 11 മണി മുതല്‍ 1 മണി വരെയാണ് ധര്‍ണ്ണ സംഘടിപ്പിക്കുക.
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ നിരുപാധികം പിന്‍വലിക്കുക, ജീവനക്കാരോടുള്ള മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ അവസാനിപ്പിക്കുക, ഡോക്ടര്‍മാരുടെ സര്‍വ്വീസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുക, ജനറല്‍ ട്രാന്‍സ്ഫര്‍ സമയബന്ധിതമായും നീതിയുക്തമായും പ്രായോഗിക സമീപനത്തോടെയും നടത്തുക, വിവിധ കേഡറുകളിലായി ഡോക്ടര്‍മാരുടെ നിലവിലുള്ള 500 ഓളം ഒഴിവുകള്‍ അടിയന്തിരമായി നികത്തുക, വകുപ്പിന്റെ അനാസ്ഥ കൊണ്ട് കോവിഡ് കാലത്ത് പി.ജി പഠന ശേഷം സര്‍വീസില്‍ തിരികെ പ്രവേശിക്കുന്നതിനായി കാത്തിരിക്കേണ്ടി വന്നവരുടെ കാലയളവ് ഉടനടി ക്രമപ്പെടുത്തുക, ചില ഡിപിഎം മാരെ സമാന്തര അധികാര കേന്ദ്രങ്ങളാക്കി മാറ്റി ഡി.എം.ഒ മാരെ നോക്കുകുത്തികളാക്കുന്ന പ്രീണനനയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്.
ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ അഞ്ഞൂറോളം ഒഴിവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഈ ഒഴിവുകള്‍ നികത്താന്‍ വേണ്ട നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കുന്നില്ല. ഇതുമൂലം സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാര്‍ക്കുമേല്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വിഐപി ഡ്യൂട്ടികളില്‍നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാരമനോ ഭാവത്തോടുകൂടിയുള്ള അച്ചടക്ക നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
സംഘടനയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് വിഐപി ഡ്യൂട്ടിക്കുള്ള മാനദണ്ഡങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി പുതിയൊരു സര്‍ക്കുലര്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചതിനു ശേഷവും ഇത്തരം ശിക്ഷാ നടപടികളുമായി മുന്നോട്ടു പോകുന്നത് തികച്ചും അപലപനീയമാണെന്നും അവര്‍ പറഞ്ഞു.
ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തീകരിക്കേണ്ട പൊതു സ്ഥലംമാറ്റ നടപടിക്രമങ്ങള്‍ നാളിതുവരെ ആരംഭിച്ചിട്ടില്ല. മാത്രവുമല്ല ഡോക്ടര്‍മാരുടെ വിവിധ സര്‍വീസ് വിഷയങ്ങളില്‍ ന്യായീകരിക്കാനാവാത്ത കാലതാമസവും പതിവായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പ്രത്യക്ഷസമര രംഗത്തേക്ക് ഇറങ്ങാന്‍ സംഘടന നിര്‍ബന്ധിതമായിരിക്കുകയാണെന്നും ഉന്നയിക്കുന്ന വിഷയങ്ങളില്‍ സമയബന്ധിതമായ പരിഹാരം ഉണ്ടാവുന്നില്ലെങ്കില്‍ കൂടുതല്‍ കടുത്ത സമരമാര്‍ഗ്ഗങ്ങളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനമെന്നും അവര്‍ പറഞ്ഞു.
DHS office dharna organized by KGMOA on March 18