കാവുന്തറ: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് രണ്ട് മൂന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പുതുശേരി കനാല്‍ മുക്ക് ജങ്ങ്ഷനില്‍ നാട്ടുകൂട്ടം പാര്‍പ്പിട കൂട്ടായ്മയുടെയും സൗഹൃദം സ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തില്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.

ഇതിന്റെ ഭാഗമായി നമ്മുടെ നാടും ഹരിതാഭമാവട്ടെ, നമ്മുടെ നാടും ശുചിത്വമുള്ളതാവട്ടെ എന്ന സന്ദേശവുമായി കാവില്‍ പുതുശ്ശേരികനാല്‍ ഭാഗത്ത് ശുചീകരണവും സൗന്ദര്യവല്‍ക്കരണവും സംഘടിപ്പിച്ചു. നാളേയ്ക്ക് നല്ലൊരിടം എന്ന പേരില്‍ തുടങ്ങിയ ഈ പദ്ധതിക്ക് വലിയ പിന്തുണയും സഹകരണവും ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ചത്.
പ്ലാസ്റ്റിക്കുകളും മറ്റ് മലിന വസ്തുക്കളും കൊണ്ട് നിറഞ്ഞ ഒരു പരിസരത്തെ മരച്ചോലകളില്‍ ഇരിപ്പിടമൊരുക്കിയും ചെടികള്‍ നട്ടുപിടിപ്പിച്ചും ചെടിച്ചട്ടികളില്‍ ചെടികള്‍ സ്ഥാപിച്ചുമാണ് പാര്‍ക്ക് അതിമനോഹരമാക്കിയത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള നിരവധി പേരാണ് കാഴ്ചക്കാരായും മരച്ചോട്ടില്‍ വിശ്രമിക്കാനുമായി ഇവിടെ എത്തുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പത്രം, പുസ്തകം എന്നിവ വായിക്കാനുമുള്ള ഒരു ഇടം കൂടി ഈ പ്രദേശത്ത് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ സംഘാടകര്‍. സൗഹൃദം സ്വയം സഹായ സംഘം കാവില്‍ നടപ്പിലാക്കുന്ന നിരവധി പദ്ധതികളുടെ ഭാഗമായിട്ടാണ് നാളേയ്ക്ക് നല്ലൊരിടംഎന്ന പദ്ധതി നടപ്പാക്കിയത്. കാവില്‍ നാട്ടുകൂട്ടം ഗാര്‍ഹിക കൂട്ടായ്മയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം ശശി ഉദ്ഘാടനം ചെയ്തു.
യുവാക്കള്‍ ലഹരിക്ക് പിന്നാലെ പോവുന്ന ആസുരകാലത്ത് പ്ലാസ്റ്റിക്ക് മാലിനങ്ങള്‍ക്കെതിരെയും ജൈവ കൃഷിക്ക് വേണ്ടിയും യുവാക്കള്‍ രംഗത്തിറങ്ങണമെന്നും ഇത്തരം പാര്‍ക്കുകള്‍ അതിന് ഉപകാരപ്രദമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുന്‍ഗ്രാമ പഞ്ചായത്ത് അംഗം സി.കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ലഹരിക്കെതിരെ സ്‌നേഹദീപം തെളിയിച്ചു. ബിജു കാവില്‍ മുഖ്യപ്രഭാഷണം നടത്തി. യുഎ ഖാദര്‍ അവാര്‍ഡ് ജേതാവ് ശ്രീധരന്‍ നൊച്ചാട്, യോദ്ധാ കളരി സംഘം ഡയറക്ടര്‍ അജയന്‍, എന്‍എംഎംഎസ് വിജയി ശ്വേതാ ലക്ഷ്മി എന്നിവരെ ചടങ്ങില്‍ സ്‌നേഹോപഹാരം നല്കി ആദരിച്ചു. കലാകൂട്ടായ്മ കാവില്‍ കലാകാരികളുടെ അനുമോദനവും ശ്രീധരന്‍ നൊച്ചാട് ഏറ്റുവാങ്ങി. കെ.പി.ബാലന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ. മിനി, എം രജില തുടങ്ങിയവര്‍ സംസാരിച്ചു. സൗഹൃദം സ്വയം സഹായ സംഘം സിക്രട്ടറി എം.സി കുമാരന്‍ സ്വാഗതംപറഞ്ഞ ചടങ്ങിന് നാട്ടുകൂട്ടം ഗാര്‍ഹിക കൂട്ടായ്മ സിക്രട്ടറി സി.എം ശശി നന്ദിയും പറഞ്ഞു.
ഗിരീഷ് പുതുശ്ശേരി, പി.ജി. അനില്‍, കെ.കെ. അബ്ദുള്ള പി രതീഷ്, ടി. പ്രകാശന്‍, ടി. രമേശന്‍, പി. ചന്ദ്രന്‍, കെ.എം ബിജു, എന്‍ .കെ .ബാലന്‍, കെ.കെ. ഗിരീഷ്, സി.കെ. രാധാകൃഷ്ണന്‍എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും, പൊട്ടലും കത്തലും എന്ന പരിപാടിയും ഇതിന്റെ ഭാഗമായി നടത്തി.
Kavunthara Puthussery Canal Corner Park begins operations