പേരാമ്പ്ര: കല്ലോട് ബ്ലോക്ക് ഓഫീസ് റോഡില്‍ കാറ്റിലും മഴയിലും തേക്ക് മരം വീണ് വ്യാപക നാശനഷ്ടം. ഇന്ന് 11.45 ഓടെ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലാണ് തേക്ക് മരം മുറിഞ്ഞ് വീണത്. തേക്ക് മരം ലെവന്‍ കെവി പോസ്റ്റിലേക്കാണ് വീണത്. പോസ്റ്റും ഒടിഞ്ഞ് വീണു. ഇതുവഴി വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ബ്ലോക്ക് ഓഫീസിലേക്ക് പോകാനും വരാനും പറ്റാത്ത അവസ്ഥയാണുള്ളത്. ഗതാഗതം തടസ്സപ്പെട്ടു. ബ്ലോക്ക് ഓഫീസ് കൂടാതെ ഐസിഡിഎസ് ഓഫീസ്, മൃഗാശുപത്രി, മിനി ഇന്റസ്ട്രിയല്‍ എന്നിവിടേക്കുമുള്ള വഴിയുമാണ് തടസ്സപ്പെട്ടത്. പാറാട്ടുപാറ റോഡിലേക്കുള്ള യാത്രയും ബുദ്ധിമുട്ടിലായി. കഴിഞ്ഞ മൂന്ന് നാല് ദിവസമായി പ്രദേശത്ത് ശക്തമായ മഴയും കാറ്റുമാണുള്ളത്.

പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. മരം മുറിച്ചുമാറ്റുകയും വൈദ്യുതി പുനസ്ഥാപിക്കാനുള്ള പണിയും നടന്നു വരുന്നു. ന്യൂന മര്‍ദ്ദവും മഴക്കാലവും ഒന്നിച്ചെത്തിയതോടെ വിവിധ ഇടങ്ങളിലായി വലിയ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കൂടാതെ ആഞ്ഞടിച്ച കാറ്റില്‍ കൈപ്രം റോഡിലെ കിഴക്കയില്‍ ശ്രീനിയുടെ വീടിന്റെ ഓഫീസ് റൂം തകര്‍ന്നു. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Extensive damage caused by falling trees on Kallod Block Office Road