കൂത്താളി: കൂത്താളി പഞ്ചായത്തിലെ ആശാരിമുക്കിനും മാമ്പള്ളിപ്പാലത്തിനുമിടയില്‍ ജല്‍ജീവന്‍ പൈപ്പിടല്‍ പ്രവൃത്തിനടക്കുന്നയിടങ്ങളില്‍ റോഡിന് വിള്ളലും മണ്ണിടിയലുമുണ്ടായി. മാമ്പള്ളിപ്പാലത്തിനോടുചേര്‍ന്നുള്ള ഭാഗത്താണ് ശക്തമായ മഴയില്‍ റോഡിന്റെ വശത്ത് മണ്ണിടിച്ചിലുണ്ടായത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദുവും മറ്റ് നേതാക്കളും സ്ഥലത്തെത്തി.
കനാലിനും പുഴയ്ക്കും അടുത്തുകൂടിയാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. റോഡിന്റെ വശത്ത് പൈപ്പിട്ട് കുഴിമൂടിയ ഭാഗത്തെ മണ്ണാണ് ശക്തമായ മഴയില്‍ ഇടിഞ്ഞുതാഴാനിടയാക്കിയത്. ഇതിനുസമീപത്താണ് റോഡില്‍ വിള്ളലുണ്ടായിരിക്കുന്നത്. കുഴി മൂടിയതിലെ അപാകതയാണ് മഴയില്‍ ഇടിഞ്ഞുതാഴാനിടയാക്കിയതെന്നും പരാതിയുണ്ട്.
മഴയില്‍ ഇതിലൂടെ വെള്ളമിറങ്ങി കൂടുതല്‍ തകരാനിടയാക്കുമോ എന്നും ആശങ്കയുണ്ട്. ഒട്ടേറെ വീടുകളുള്ള മേഖലയാണിത്. സ്ഥലത്ത് വിദഗ്ധപരിശോധന വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോടേരിച്ചാല്‍ മേഖലയില്‍ ഇതേറോഡില്‍ത്തന്നെ പൈപ്പിടാനെടുത്ത ഒട്ടേറെ കുഴികള്‍ മണ്ണിട്ടുമൂടാതെ കിടക്കുന്നുണ്ടെന്നും പരാതിയുണ്ട്.
Landslide on the side of the road near Mampally Bridge