പേരാമ്പ്ര: ജംബന്‍ സര്‍വ്വീസിലൂടെയും, മിന്നുന്ന സ്മാഷിലൂടെയും മനോഹരമായ പ്ലെയ്‌സിംങ്ങിലൂടെയും വളയിട്ട കൈകളാല്‍ അവര്‍ പോയന്റുകള്‍ വാരിക്കൂട്ടിയത് കൈപ്പന്ത് കളിയിലെ വിജയത്തിലേക്ക്. മുന്‍പ് കേരളത്തിലെ പല കൈപന്ത് കളി മത്സരങ്ങളിലും ഈ പെണ്‍പടയിലെ ആറുപേരും ഗാലറികളെ ആവേശം കൊള്ളിച്ചവരാണ്.
വെടിയുണ്ടകളെ പോലും വെല്ലുന്ന സ്മാഷുകളും മതില്‍ കെട്ടുകള്‍ പോലത്തെ ബ്ലോക്കുകളും ശരംകണക്കെ പായുന്ന സര്‍വ്വീസുകളും കൊണ്ട് കോര്‍ട്ടിലെ ഓരോ മണ്‍ തരികളെയും രോമാഞ്ച പുളകിതരാക്കുന്ന കൈപ്പന്തുകളി അന്നും ഇന്നും ആവേശം തന്നെയാണ് ഈ പെണ്‍പടക്ക്. ഒരു പക്ഷെ വീടിന്റെ അകത്തളങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവുമായിരുന്ന സമയത്താണ് 30 വയസു കഴിഞ്ഞ ഇത്തരക്കാരെ വെച്ച് പൊതു കളിയിടങ്ങള്‍ സ്ത്രീകളുടെതുകൂടിയാണെന്ന ഓര്‍മപ്പെടുത്തലുമായി 'വിംഗ്‌സ് കേരള' എന്ന പ്രസ്ഥാനം ഒരു മത്സരത്തിന് കാഞ്ഞങ്ങാട് കളമൊരുക്കിയത്.

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സംഘടിപ്പിച്ച ആറാമത് കെ. സരസ്വതി അമ്മ ട്രോഫിക്കു വേണ്ടിയുള്ള 'വിംഗ്‌സ് കേരള' ഒരുക്കിയ ഓള്‍ കേരള വനിത വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ 22-25, 25-18, 15-8 എന്ന സ്‌ക്കോറില്‍ ഒന്നിനെതിരെ രണ്ടു സെറ്റ് നേടി തൃശ്ശൂരിനെയാണ് കോഴിക്കോട് ജില്ലക്ക് വേണ്ടി ജഴ്‌സിയണിഞ്ഞ 6 പേര്‍ മാത്രമടങ്ങിയ ഈ പെണ്‍പട പരാജയപ്പെടുത്തി മത്സരത്തിലെ ചാമ്പ്യന്മാരായത്. മൊത്തം ആറ് ടീമുകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മൂന്നില്‍ രണ്ട് എന്ന ക്രമത്തിലായിരുന്നു മത്സരങ്ങള്‍ നടന്നത്.
കോഴിക്കോടുനിന്നു തന്നെ മൂന്ന് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. പല ടീമുകളും പ്രായം കുറഞ്ഞ മികച്ച കളിക്കാരെ ടീമില്‍ ഇറക്കിയിരുന്നുവെങ്കിലും 'കാലിക്കറ്റ് സിക്‌സസ് എ ടീം' എന്ന പേരിലിറങ്ങിയ ഈ ആറു പേരടങ്ങിയ പെണ്‍പടയില്‍ ക്യാപ്റ്റന്‍ ജോമോള്‍, സുജാത, ധന്യ, സുചിത, ബിജില, അശ്വനി തുടങ്ങിയവരാണ് ജഴ്‌സി അണിഞ്ഞത്. ഇവരാകട്ടെ കളിക്കളത്തില്‍ നിന്നും അടുക്കളയിലേക്ക് പ്രവേശിച്ച 30 വയസ് കഴിഞ്ഞവരുമായിരുന്നു.
വെറും ആറു പേരെയും വെച്ചാണ് ഇവര്‍ മത്സരത്തിനിറങ്ങിയത്. പകരം ഇറങ്ങാന്‍ പോലും കളിക്കാര്‍ ടീമിലുണ്ടായിരുന്നില്ല. എന്നിട്ടും വിജയം മാത്രം ലക്ഷ്യം വെച്ച് കളത്തിലിറങ്ങിയ ഈ പെണ്‍പടക്ക് മുന്‍കാലങ്ങളില്‍ പയറ്റിതെളിഞ്ഞ തന്ത്രങ്ങള്‍ മത്സരത്തിലെ ഓരോ പോയന്റിനും മുതല്‍ക്കൂട്ടായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ വീടിന്റെ അകത്തളങ്ങളില്‍ തളയ്ക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടവരല്ലെന്ന് സമൂഹത്തെ ഓര്‍മ്മപ്പെടുത്തുക കൂടിയാണ്.
The female team in handball was and is still great at perambra