കടിയങ്ങാട് : കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ചങ്ങരോത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി. സാധാരണ ഗതിയില്‍ കാലവര്‍ഷം ആരംഭിക്കുന്ന സമയത്ത് ഇത്രയും ശക്തമായ മഴയും വെള്ളം കയറലും ഉണ്ടാവാറില്ല. പതിവിലും നേരത്തെ കാലവര്‍ഷം എത്തിയതും നൂനമര്‍ദ്ദവും മഴയുടെ ശക്തി വര്‍ദ്ധിപ്പിച്ചതാണ് വെള്ളം കയറാന്‍ കാരണമായി കരുതുന്നത്.
കടിയങ്ങാട് ചെറുപുഴയില്‍ വെള്ളം ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കടിയങ്ങാട് ചെറുപുഴയുടെ സമീപത്ത് മഹിമ ഭാഗത്താണ് വെള്ളം കയറി തുടങ്ങിയത്. വീടുകളില്‍ വെള്ളം കയറിയതോടെ ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 9 ാം വാര്‍ഡിലെ കോവുമ്മല്‍ സുലോചനയെയും കുടുംബത്തേയുമാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്. കടിയങ്ങാട് എല്‍പി സ്‌ക്കൂളിലാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്.

10 ാം വാര്‍ഡില്‍ മഹിമ ഏരന്തോട്ടം റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ പ്രദേശത്തെ ആളുകള്‍ വീടുകളില്‍ എത്താനും പുറത്തേക്ക് പോവാനും മറ്റ് വഴികളെ ആശ്രയിച്ചിരിക്കുകയാണ്. ഏരന്തോട്ടത്തില്‍ പാറച്ചാലില്‍ ബാലന്റെ വീടിനോട് ചേര്‍ന്ന കിണര്‍ കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. മൊയ്തി, വി.കെ. ഗീത, ഇ.ടി. സരീഷ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Heavy rains: Relief camp opened in Changaroth