---
title: "കൈതക്കല്‍- മരുതേരി റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരം"
english_title: "Kaithakkal-Marutheri road collapses, making travel difficult"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295828/kaithakkal-marutheri-road-collapses-making-travel-difficult"
published_at: "2025-06-12T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684aadaa66acd_KILLI.JPG"
keywords: []
---

# കൈതക്കല്‍- മരുതേരി റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരം

> **Lead Summary:** **പേരാമ്പ്ര : **കൈതക്കല്‍- മരുതേരി റോഡിലെ ടാര്‍ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരമായി. പുറ്റാട് അംഗന്‍വാടിക്ക് സമീപമാണ് ടാറിംഗ് ഇളകി യാത്ര ബുദ്ധിമുട്ടിലായത്. വളവും കുത്തനെയുള്ള കയറ്റവും ഒരുമിച്ചു വരുന്ന ഇവിടെ ഒന്നിലേറെ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. 

## Article Content

**പേരാമ്പ്ര : **കൈതക്കല്‍- മരുതേരി റോഡിലെ ടാര്‍ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരമായി. പുറ്റാട് അംഗന്‍വാടിക്ക് സമീപമാണ് ടാറിംഗ് ഇളകി യാത്ര ബുദ്ധിമുട്ടിലായത്. വളവും കുത്തനെയുള്ള കയറ്റവും ഒരുമിച്ചു വരുന്ന ഇവിടെ ഒന്നിലേറെ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. 

ഇതില്‍ വീണ് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. ഇടയ്ക്ക് മണ്ണും ക്വാറി വേസ്റ്റും കൊണ്ട് താത്കാലികമായി കുഴിയടച്ചെങ്കിലും മഴയില്‍ ഒലിച്ചു പോയതായി നാട്ടുകാര്‍ പറഞ്ഞു.

പുറ്റാട് യുപി സ്‌കൂള്‍, മരുതേരി എഎംഎല്‍പി സ്‌കൂള്‍, പുറ്റാട് അംഗന്‍വാടി, നടുക്കണ്ടിപ്പാറ ഹെല്‍ത്ത് സെന്റര്‍, ചെറുകാശി ശിവക്ഷേത്രം, മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പന്‍ ക്ഷേത്രം എന്നിവിടങ്ങളിലെത്താന്‍ ആളുകള്‍ ഉപയോഗിക്കുന്ന പ്രധാന റോഡില്‍ കാല്‍നട യാത്ര പോലും ദുഷ്‌കരമാണ്.

പേരാമ്പ്രയില്‍ നിന്ന് ഇതു വഴി നടുക്കണ്ടിപ്പാറയിലേക്ക് സര്‍വീസ് നടത്തുന്ന ജനകീയം ജീപ്പ് റോഡിന്റെ ശോച്യാവസ്ഥ കാരണം ഇടക്കിടെ വര്‍ക്ക് ഷോപ്പിലാകുന്ന അവസ്ഥയാണുള്ളത്.

നൊച്ചാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗമാണിത്. റോഡിന് എംഎല്‍എഫണ്ട് പാസ്സായിട്ടുണ്ടെന്നും ഫണ്ട് കിട്ടുന്നതിലെ കാലതാമസമാണ് പണി വൈകാന്‍ കാരണമെന്ന് വാര്‍ഡ് അംഗം ശോഭന വൈശാഖ് പറഞ്ഞു. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295828/kaithakkal-marutheri-road-collapses-making-travel-difficult)