---
title: " പ്രസവം ആശുപത്രി വരാന്തയില്‍ ; പ്രസവം എടുത്തത് കൂട്ടിരിപ്പുകാര്‍"
english_title: "Childbirth on the hospital verandah; birth was witnessed by companions"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297306/childbirth-on-the-hospital-verandah-birth-was-witnessed-by-companions"
published_at: "2025-06-20T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68550114a2c94_m_college.jpg"
keywords: []
---

#  പ്രസവം ആശുപത്രി വരാന്തയില്‍ ; പ്രസവം എടുത്തത് കൂട്ടിരിപ്പുകാര്‍

> **Lead Summary:** **കോഴിക്കോട്:** മെഡിക്കല്‍ കോളെജ് ആശുപത്രി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ രോഗിക്ക് വരാന്തയില്‍ പ്രസവം. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. 51-ാം വാര്‍ഡില്‍ പ്രസവവേദന വന്ന യുവതിയെ ലേബര്‍റൂമില്‍ എത്തിക്കുന്നതിനു മുമ്പ് വരാന്തയില്‍ പ്രസവം നടക്കുകയായിരുന്നു. ഗര്‍ഭിണിക്ക് ഞായറാഴ്ച രാവിലെ പ്രസവ വേദനക്കുള്ള മരുന്ന് നല്‍കിയിരുന്നു. വെരിക്കോസ് വെയിന്‍ അസുഖമുള്ള യുവതി പ്രസവത്തിന് 15 ദിവസം മുമ്പ് തന്നെ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.

## Article Content

**കോഴിക്കോട്:** മെഡിക്കല്‍ കോളെജ് ആശുപത്രി മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ രോഗിക്ക് വരാന്തയില്‍ പ്രസവം. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. 51-ാം വാര്‍ഡില്‍ പ്രസവവേദന വന്ന യുവതിയെ ലേബര്‍റൂമില്‍ എത്തിക്കുന്നതിനു മുമ്പ് വരാന്തയില്‍ പ്രസവം നടക്കുകയായിരുന്നു. ഗര്‍ഭിണിക്ക് ഞായറാഴ്ച രാവിലെ പ്രസവ വേദനക്കുള്ള മരുന്ന് നല്‍കിയിരുന്നു. വെരിക്കോസ് വെയിന്‍ അസുഖമുള്ള യുവതി പ്രസവത്തിന് 15 ദിവസം മുമ്പ് തന്നെ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.

രോഗിക്ക് രാത്രി 8 മണിയോടെ പ്രസവവേദന അനുഭവപ്പെട്ടു. കൂട്ടിരിപ്പുകാര്‍ ഡ്യൂട്ടി നഴ്‌സിനെ വിവരം അറിയിച്ചു. ഒരു നഴ്സ് മാത്രമാണ് ആസമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. അറ്റന്‍ഡര്‍മാര്‍ വീല്‍ച്ചെയറുമായി വന്നെങ്കിലും രോഗിക്കു അതില്‍ ഇരിക്കാന്‍ സാധിക്കുമായിരുന്നില്ല. പിന്നീട് സ്ട്രച്ചറുമായി എത്തി ലേബര്‍ റൂമിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വാര്‍ഡിന്റെ വരാന്തയിലെത്തിച്ചപ്പോഴേക്കും പ്രസവം നടക്കുകയായിരുന്നു. ഈ സമയം ഡോക്ടര്‍ അടുത്തില്ലായിരുന്നുവെന്ന് വാര്‍ഡിലെ കൂട്ടിരിപ്പുകാര്‍ പറഞ്ഞു.

മറ്റുരോഗിയുടെ കൂടെ നില്‍ക്കുന്ന കൂട്ടിരിപ്പുകാരാണ് പ്രസവം എടുത്തത്. ഈ സമയം ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധിക്കിടയാക്കി. റാംപ് വഴിയാണ് ഗര്‍ഭിണിയെയും കുഞ്ഞിനെയും സ്ട്രച്ചറില്‍ നാലാം നിലയില്‍ നിന്ന് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ റൂമില്‍ എത്തിച്ചത്. പ്രത്യേക പരിചരണം ആവശ്യമുള്ള രോഗിയെ ആരോഗ്യ സ്ഥിതി പരിഗണിച്ച് നേരത്തേതന്നെ ലേബര്‍ റൂമിലേക്ക് മാറ്റാത്തതാണ് പ്രശ്‌നത്തിനിടയാക്കിയത്.

മാതാവിനും കുട്ടിക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പരാതിപ്പെടാന്‍ രോഗിയുടെ ബന്ധുക്കള്‍ തയാറായിട്ടില്ല. വെരിക്കോസ് വെയിന്‍ അസുഖമുള്ള ഗര്‍ഭിണിക്ക് പ്രസവ വേദന വന്ന ഉടനെതന്നെ പ്രസവം നടക്കുകയായിരുന്നെന്നാണ് ഇതു സംബന്ധിച്ച് മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ പ്രതികരണം.

യുവതിയുടെ മൂന്നാമത്തെ പ്രവസമാണ്. കുഞ്ഞിന് ഭാരവും കുറവായിരുന്നു. ഇക്കാരണങ്ങള്‍കൊണ്ട് വേദന വന്ന ഉടന്‍ പ്രസവം നടന്നു. മാത്രമല്ല മഴയില്‍ ആശുപത്രിയുടെ തറനിലയില്‍ അടക്കം വെള്ളം കയറുന്നതിനാല്‍ ഈ സമയം ലിഫ്റ്റ് ഓഫ് ചെയ്തിരുന്നു. റാംപ് രോഗിയെ താഴെ എത്തിക്കാനും സമയ മെടുത്തു.

മഴ ശക്തമായാല്‍ ലിഫ്റ്റ് പിറ്റില്‍ വെള്ളം നിറയല്‍ പതിവാണ്. അതിനാല്‍ ഇത്തരം സമയങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അടക്കമുള്ള അപകട സാധ്യത മൂന്‍കൂട്ടിക്കണ്ട് ലിഫ്റ്റ് ഓഫ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297306/childbirth-on-the-hospital-verandah-birth-was-witnessed-by-companions)