കുറ്റ്യാടി: കുറ്റ്യാടിയില്‍ രാസലഹരി നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെയും ആണ്‍കുട്ടികളെയും ഉള്‍പ്പെടെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി പാറക്ക്താഴ സഫീര്‍ ആണ് കുറ്റ്യാടി പൊലീസിന്റെ പിടിയിലായത്.
രാസലഹരി നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച പോക്‌സോ കേസിലെ ഒന്നാം പ്രതി അടുക്കത്ത് സ്വദേശി ചെക്കുവെന്ന അജിനാസിന് എംഡിഎംഎ എത്തിച്ചു നല്‍കിയത് സഫീര്‍ ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അടുക്കത്തെ സഫീറിന്റെ വീട്ടില്‍ നിന്ന് പിടികൂടിയ പ്രതിയെ നിലവില്‍ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കേസില്‍ നേരത്തെ അജിനാസിനെ കൂടാതെ ഭാര്യ മിസ്രിയയെയും അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമത്തെ അറസ്റ്റാണിത്. കുറ്റ്യാടി സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഫീറിനെ അറസ്റ്റ് ചെയ്തത്.
കേസില്‍ അറസ്റ്റിലായ കള്ളാട് സ്വദേശി കുനിയില്‍ അജിനാസ്, ഭാര്യ മിസ്രിയ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെങ്കിലും രാസലഹരി ശൃംഖലയില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുതന്നെയാണ് പൊലീസിന്റെ സംശയം. അതിനിടയിലാണ് മൂന്നാമത്തെ പ്രതിയും പിടിയിലാവുന്നത് അന്വേഷണ ചുമതല നിലവില്‍ നാദാപുരം ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ ഇരകള്‍ ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. നിലവില്‍ മൂന്നുപേരാണ് അജിനാസിനും ഭാര്യക്കും നേരേ പരാതി നല്‍കിയത്. മൂന്ന് പരാതിയിലും പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. ഒരുവര്‍ഷം മുന്‍പ് പരാതിക്കാരനായ പതിനെട്ടുകാരനെ ലഹരിനല്‍കി പീഡിപ്പിച്ചെന്നാണ് ആദ്യത്തെ കേസ്. പിന്നാലെ മറ്റൊരു വിദ്യാര്‍ഥികൂടി പരാതിയുമായെത്തി.
മൂന്നാമത്തെ കേസില്‍ പെണ്‍കുട്ടിയാണ് പരാതിനല്‍കിയത്. ആദ്യത്തെ കേസിലെ പരാതിക്കാരന്റെ സുഹൃത്താണ് ഈ പെണ്‍കുട്ടി. അജിനാസിന്റെ നിര്‍ബന്ധപ്രകാരം പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് കേസ്. ഇതേപോലെ പ്രായപൂര്‍ത്തിയാകാത്ത മറ്റുചില കുട്ടികളെക്കൂടി ഇവിടെ ഭീഷണിപ്പെടുത്തി എത്തിച്ചതായും സംശയമുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കുകയാണ് പോലീസ്. അജിനാസും ഭാര്യ മിസ്രിയയും നിലവില്‍ റിമാന്‍ഡിലാണ്. നേരത്തേ നാലുദിവസം അജിനാസിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
Kuttiyadi Chemical Abuse Case; One more person has been arrested