പേരാമ്പ്ര: മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കി വാണിരുന്ന സാമൂതിരി രാജ വംശത്തിലെ മാനവിക്രമ രാജന്റെ പേര് പരാമര്‍ശിക്കുന്ന ശിലാലിഖിതങ്ങള്‍ സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. പേരാമ്പ്രക്ക് അടുത്ത് ആവള കുട്ടോത്ത് നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതങ്ങള്‍ കൊത്തി വച്ചിരിക്കുന്നത്.
കാലം സൂചിപ്പിക്കാത്ത ഈ വട്ടെഴുത്ത് ലിഖിതം ലിപി ശൈലിയുടെ അടിസ്ഥാനത്തില്‍ 12,13 നൂറ്റാണ്ടിലേതാണെന്നു കണക്കാക്കുന്നു. ആവള എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്തിന്റെ അക്കാലത്തെ പേര് അകവള എന്നായിരുന്നു എന്ന് ലിഖിതത്തില്‍ നിന്ന് അറിയാന്‍ കഴിയുന്നു. അകവളയിലെ അധികാരി ആയിരുന്ന കേളിത്തനും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേര്‍ന്ന് ക്ഷേത്രം നിര്‍മിച്ചതായാണു രേഖ പരാമര്‍ശം.

സഹോദരൻ മാനവിക്രമ രാജാവിൻ്റെ കീഴ്‌പടൈ നായരായിരുന്നു എന്നും രേഖയിൽ പറയുന്നു. സാമൂതിരിയുടെ ഉപ സേനാധിപനായിരുന്നു അദ്ദേഹമെന്ന് കരുതുന്നു. ഇതു കൂടാതെ മറ്റൊരു ലിഖിതവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രം നിർമിച്ചവർ അമ്പലത്തിൽ നടത്തിയ ചില ഏർപ്പാടുകളാണ് ഈ ലിഖിതത്തിലുള്ളത്. ഒരു ശിലാപാളിയുടെ ഇരുവശങ്ങളിലുമായി വട്ടെഴുത്ത് ലിപിയിൽ തന്നെയാണ് ഈ രേഖയുള്ളത്.
പുരാവസ്‌തു വകുപ്പിലെ കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫിസർ കെ.കൃഷ്‌ണരാജ് ആണ് ലിഖിതങ്ങൾ പകർത്തിയത്. സാമൂതിരി മാനവിക്രമ രാജയുടെ പേര് പരാമർശിക്കുന്ന പഴയകാല ലിഖിതങ്ങളിൽ രണ്ടാമത്തേതാണ് ആവള ലിഖിതങ്ങൾ എന്ന് കൃഷ്‌ണരാജ് പറഞ്ഞു. ആദ്യത്തേത് 1102 ലെ കൊല്ലം രാമേശ്വരം ക്ഷേത്ര ലിഖിതമാണ്.
ചേര പെരുമാൾ രാമ കുലശേഖരൻ്റെ ഈ ലിഖിതത്തിൽ ഏറനാട് വാഴും മാനവിക്രമനായ പൂന്തുറൈക്കോൻ ആണെന്ന് അന്തരിച്ച ചരിത്ര പണ്ഡിതൻ ഡോ. എം.ജി.എസ്.നാരായണൻ വായിച്ചിട്ടുണ്ടെന്നും കൃഷ്ണരാജ് പറഞ്ഞു. മധ്യകാലഘട്ടത്തിൻ്റെ ആരംഭ നൂറ്റാണ്ടുകളിൽ സാമൂതിരിമാരെ സംബന്ധിക്കുന്ന ലിഖിതങ്ങൾ വളരെ അപൂർവമാണ്. ഏറനാട് ഉടയവർ എന്ന് പരാമർശിക്കപ്പെടുന്ന കുറച്ചു ലിഖിതങ്ങളുണ്ട്.
മാനവിക്രമനെ രാജാവായി വിശേഷിപ്പിക്കുന്നതിനാൽ ആവള ലിഖിതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കേരളോൽപത്തിയിൽ കാണപ്പെടുന്ന പരമ്പരാഗത വിവരണം ഒഴികെ കോഴിക്കോട് സാമൂതിരി വംശത്തിൻ്റെ ആവിർഭാവം ഇപ്പോഴും അവ്യക്തമായി തുടരുന്നു. ഈ സന്ദർഭത്തിൽ സാമൂതിരിമാരുടെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് മൂല്യവത്തായ ഒരു കൂട്ടിച്ചേർക്കലായി ആവള ലിഖിതത്തെ കണക്കാക്കാമെന്നു സാമൂതിരി ചരിത്രം പഠിച്ച കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം പ്രഫസർ ഡോ. വി.വി.ഹരിദാസ് പറഞ്ഞു.
In Perambra, stone inscriptions were discovered