---
title: "ചങ്ങരോത്ത് പാറക്കടവത്ത് താഴ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു "
english_title: "Construction of the lower bridge at Changaroth Parakkadavu is in progress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/45233/construction-of-the-lower-bridge-at-changaroth-parakkadavu-is-in-progress"
published_at: "2022-05-26T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628fa73cd2a63_0000 ATTACH  copy copy.jpg"
keywords: []
---

# ചങ്ങരോത്ത് പാറക്കടവത്ത് താഴ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കല്ലൂര്‍ - മുതുവണ്ണാച്ച പ്രദേശങ്ങളെ തമ്മില്‍ ബന്ധിക്കുന്ന പാറക്കടവത്ത് താഴെ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.

## Article Content

**പേരാമ്പ്ര : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കല്ലൂര്‍ - മുതുവണ്ണാച്ച പ്രദേശങ്ങളെ തമ്മില്‍ ബന്ധിക്കുന്ന പാറക്കടവത്ത് താഴെ പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.

മുതുവണ്ണാച്ച, പുറവൂര്‍, വേളം പ്രദേശത്തുകാര്‍ക്ക് കടിയങ്ങാട് പാലത്ത് എത്താതെ എളുപ്പത്തില്‍ പേരാമ്പ്രയില്‍ എത്തിച്ചേരാന്‍ കഴിയുന്നതാണ് ഈ പാലം.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിനെ വിഭജിച്ചു കൊണ്ട് ഒഴുകുന്ന ചെറുപുഴക്ക് കല്ലൂരിനെയും മുതുവണ്ണാച്ചയെയും ബന്ധിപ്പിച്ച് ഒരു പാലം എന്നത് ചിരകാല സ്വപ്നമായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇവിടെ പാലത്തിന് തുക അനുവദിക്കുന്നത്. അന്നത്തെ മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണന്‍ മുന്‍ കൈ എടുത്താണ് പാലത്തിന് തുക വകയിരുത്തിയത്. 8 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന പലത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചിട്ട് നാല് മാസമായി.

ജനുവരി 28 ന് മന്ത്രി മുഹമ്മദ് റിയാസാണ് പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മൂന്ന് സ്പാനുകളും രണ്ട് ഫില്ലറുകളുമുള്ള പാലത്തിന് 56 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ളത്. പാലത്തിന്റെ ഇരുഭാഗത്തുമായി നൂറ്റി അന്‍പത് മീറ്റര്‍ നീളത്തില്‍ അപ്രോച് റോഡും ഉണ്ടാവും.

മുതുവണ്ണാച്ച ഭാഗത്ത് നൂറ് മീറ്ററോളം നീളത്തില്‍ റോഡ് നിര്‍മ്മിക്കേണ്ടതുമുണ്ട്. ഒന്നര വര്‍ഷമാണ് നിര്‍മ്മാണ കാലാവധി. മഴയുടെ മുമ്പേ പുഴയില്‍ പൈലിംഗും ഫില്ലറുകളുടെ നിര്‍മ്മാണവും തീര്‍ക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാണ കമ്പനിയായ യുഎല്‍സിസി.

രണ്ട് ഫില്ലറുകളില്‍ ഒന്നിന്റെ കോണ്‍ക്രീറ്റിംഗ് കഴിഞ്ഞിട്ടുണ്ട്. മറ്റേതിന്റെ പ്രവര്‍ത്തിയാണ് ദ്രുതഗതിയില്‍ നടക്കുന്നത്. വേനല്‍ മഴ പ്രവര്‍ത്തിയെ ബാധിച്ചതായി യുഎല്‍സിസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി പാലത്തി ഇരുവശങ്ങളിലുമായി 200 മീറ്ററോളം നീളത്തില്‍ പുഴ കരിങ്കല്ല് ഉപയോഗിച്ച് കെട്ടി സംരക്ഷിക്കുകയും ചെയും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/45233/construction-of-the-lower-bridge-at-changaroth-parakkadavu-is-in-progress)