പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ ചെറുക്കാട് കുറ്റിവയല്‍ പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാന്‍ ബ്രാഞ്ച് കനാല്‍ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ഈ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി കൃഷി ഉണങ്ങുന്ന കാഴ്ചയാണ് നിലവില്‍ ഉള്ളത്.

എരാമ്പോയില്‍ ഭാഗം വയലുകളില്‍ കനാല്‍ പണിത് വെള്ളം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുറ്റിവയല്‍ ചെറുക്കാട് എരാമ്പോയില്‍ പാടശേഖരം പഞ്ചായത്തിലെ 8, 9, 10, 11, വാര്‍ഡുകളിലൂടെ നാല് കിലോമീറ്ററിലധികം നീണ്ടു നിവര്‍ന്ന് കിടക്കുകയാണ്.
വെള്ളം കിട്ടാത്തതു കാരണം കഴിഞ്ഞ കാലങ്ങളില്‍ വയല്‍ വന്‍ തോതില്‍ പറമ്പുകളായി മാറിയിരുന്നു. അവശേഷിക്കുന്ന വയലുകളെങ്കിലും വയലുകളായിത്തന്നെ നിലനിര്‍ത്തണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്
പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. നിരവധി കുടിവെള്ള പദ്ധതികളും ഈ വയലിനെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. വയലുകള്‍ ഉണങ്ങിയാല്‍ കുടിവെള്ള പദ്ധതികള്‍ വറ്റും ജനങ്ങള്‍ പൊറുതിമുട്ടും.
ജലസമൃദ്ധമായെ-മെയിന്‍ കനാല്‍ ജഗ്ഷന്‍ കായണ്ണ ബസാറിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ അതിര്‍ത്തിയായ കുട്ടിക്കണ്ടിതാഴ -കണ്ണിപ്പോയില്‍ താഴവയല്‍ നരയംകുളം വയല്‍വരെ ബ്രാഞ്ച് കനാല്‍ എത്തി നില്‍ക്കുകയാണ്.
ഇവിടെ നിന്ന് ചെവിടന്‍ കുളങ്ങരഭാഗം മുറിച്ചു കടന്നാല്‍ വയലിലൂടെ വണ്ണമുള്ള കാസ്റ്റയേണ്‍ പൈപ്പുകള്‍വഴി പാടിക്കുന്നിന് താഴ്വാരത്തുള്ള എരാമ്പോയില്‍ ചെറുക്കാട് വയലുകളില്‍ കനാല്‍ വെള്ളമെത്തിക്കാന്‍ കഴിയും.
അതുവഴി കുറ്റി വയല്‍ കോളിക്കാം വയല്‍ തുടങ്ങി മുഴുവന്‍ പാടശേഖരങ്ങളിലും വെള്ളം തിരിച്ചുവിടാം. കണ്ണിപ്പോയില്‍ താഴെ എത്തി നില്‍ക്കുന്ന ഈ ബ്രാഞ്ച് കെനാല്‍ നിലവിലെ അതേ ദിശയില്‍ തന്നെ മുന്നോട്ടു നീട്ടിയാല്‍ കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളം വയലുകളിലും നിഷ്പ്രയാസം വെള്ളമെത്തിക്കാം.
ഇതിനായി പഞ്ചായത്ത് മുന്‍കൈ എടുത്ത് പാടശേഖരസമിതികളേയും, ഇറിഗേഷന്‍ വകുപ്പും എഞ്ചിനിയര്‍മാരും ചേര്‍ന്ന് സര്‍വ്വെ നടത്തി പദ്ധതി തയ്യാറാക്കി സര്‍ക്കാറില്‍ സമര്‍പ്പിച്ചാല്‍ നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമാകും എന്നാണ് കണക്കുകൂട്ടല്‍.
The branch canal should be extended to irrigate the small forest paddy fields