പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴിയില്‍ നിന്നും തീര്‍ത്ഥാടനത്തിന് പോയ യുവാവ് കടലില്‍ മരണത്തോട് പോരാടുകയായിരുന്ന രണ്ട് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി.
ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി സ്വദേശി ബിബിന്‍ വര്‍ഗ്ഗീസാണ് ചെന്നൈയില്‍ കുട്ടികളുടെ രക്ഷകനായ് മാറിയത്. പെരുവണ്ണാമൂഴിയില്‍ നിന്നുളള തീര്‍ത്ഥാടന സംഘത്തിലെ അംഗമായിരുന്നു ബിബിന്‍.
ചെന്നൈയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കിടയില്‍ മറീന ബീച്ചിലെ സാന്തോം ബസലിക്കയില്‍ സന്ദര്‍ശിച്ച ശേഷം മറീന ബീച്ചില്‍ എത്തിയതായിരുന്നു സംഘം. ഇവിടെ ആളുകളുടെ കൂട്ടകരച്ചില്‍ കേട്ട് നോക്കുമ്പോള്‍ രണ്ടു കുട്ടികള്‍ തിരമാലയില്‍ പെട്ടതായാണ് ബിബിന്‍ കാണുന്നത്.
അവരെ രക്ഷിക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ മറ്റൊന്നും ചിന്തിക്കാതെ മൊബൈലും മറ്റും മണലിലിട്ടു കടലിലേക്കിറങ്ങി ആദ്യ ശ്രമത്തില്‍ തന്നെ രണ്ടു കുട്ടികളുടെയും കരക്കെത്തിക്കാനും ജീവന്‍ രക്ഷിക്കുവാനും സാധിച്ചു.
ഇവരെ കരക്കെത്തിച്ചപ്പോഴാണ് കുട്ടികളുടെ അമ്മയെ ആരൊക്കയോ ചേര്‍ന്ന് രക്ഷിച്ചു കൊണ്ടുവരുന്നത് കാണുന്നതും അമ്മകൂടി തിരമാലയില്‍ പെട്ടിരുന്നു എന്ന് അറിയുന്നത്.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴിയിലെ വര്‍ഗ്ഗീസ്സ് -മോളി ദമ്പതികളുടെ മകനാണ് ബിബിന്‍ വര്‍ഗ്ഗീസ്. മുന്‍പ് കേരള ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസിലെ ജോലിക്കിടയില്‍ ലഭിച്ച പരിശീലനവും പരിചയവും ഈ അവസരത്തില്‍ പ്രയോജനപ്പെട്ടതായി പറയുന്നു.
നിലവില്‍ കോഴിക്കോട് ജവഹര്‍ നഗറിലെ സംസ്ഥാന ജിഎസ്ടി ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്തു വരുന്നു.
ആ തമിഴ് കുടുംബം ഒന്നിച്ചു നിര്‍ത്തി ഫോട്ടോ എടുക്കുകയും അനുഗ്രഹിക്കുകയും ഒക്കെ ചെയ്‌തെങ്കിലും അവരുടെ ഫോട്ടോയോ, ഫോണ്‍ നമ്പറോ അഡ്രസോ വാങ്ങിയില്ലലോ എന്ന ദുഃഖം ബിബിന്‍ വര്‍ഗ്ഗീസിന് ഇപ്പോഴും ഉണ്ട്.
Bibin Varghese, a native of Peruvannamoozhi, gave life back to children