പേരാമ്പ്ര : പന്തിരിക്കരയിലെ ഇര്‍ഷാദ് വധക്കേസിലെ പ്രതി കസ്റ്റഡിയില്‍. കല്പറ്റ സ്വദേശി കടുകിടുക്കില്‍ ജിനാഫ് (32) ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. വിദേശത്ത് നിന്ന് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് സ്വര്‍ണ്ണക്കടത്ത് സംഘം പന്തിരിക്കര സൂപ്പിക്കട കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിനെ കൊലപ്പെടുത്തിയത്.
ഇര്‍ഷാദ് വധക്കേസിലെ ഏഴാം പ്രതിയാണ് പിടിയിലായ ജിനാഫ്. ജിനാഫിനെ തമിഴ്‌നാട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പത്തൊമ്പതുകാരിയായ ബിരുദ വിദ്യാര്‍ഥിനിയെ സൗഹൃദം നടിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി എറണാകുളത്തെത്തിച്ച് പീഡിപ്പിച്ചശേഷം താമരശ്ശേരി ചുരത്തില്‍ ഇറക്കിവിട്ട കേസിലെ പ്രതിയാണ് ഇയാള്‍.
അതിന്റെ അന്വേഷണത്തിനിടക്കാണ് ഇര്‍ഷാദ് വധക്കേസില്‍ വഴിത്തിരിവായത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയവേ ആണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഗള്‍ഫില്‍ നിന്നും സ്വര്‍ണ്ണം കള്ളകടത്തു നടത്തി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം സ്വര്‍ണ്ണവുമായി മുങ്ങിയ ഇര്‍ഷാദിനെ വൈത്തിരിയിലെ ലോഡ്ജില്‍ നിന്നും ജിനാഫ് ഉള്‍പ്പെട്ട സംഘം ഗൂഡാലോചന നടത്തി തട്ടി കൊണ്ട് പോവുകയായിരുന്നു.
ഇവരുടെ കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചു സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ക്വട്ടേഷന്‍ സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ ഇര്‍ഷാദ് മുങ്ങി മരണപ്പെടുകയായിരുന്നു.
ദുബായില്‍നിന്ന് മേയ് 13-ന് നാട്ടിലെത്തിയ ഇര്‍ഷാദ് പരന്തിരിക്കര സ്വദേശി ഷെമീറിനാണ് സ്വര്‍ണം കൈമാറിയത്. ഷമീര്‍ എടുത്തുനല്‍കിയ വയനാട് വൈത്തിരിയിലെ ലോഡ്ജില്‍ ഇര്‍ഷാദ് താമസിക്കവേ സജീര്‍, ജിനാഫ് എന്നിവര്‍ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍നിന്ന് പുറത്തിറക്കി ജൂലായ് നാലിന് തട്ടിക്കൊണ്ടുപോയി മുഹമ്മദ് സ്വാലിഹിനെ ഏല്‍പ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍.
താമരശേരി ഇന്‍സ്‌പെക്ടര്‍ എന്‍.കെ സത്യനാഥന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ രാജീവ് ബാബു, എഐ വി.പി അഖില്‍, മുക്കം എസ്‌ഐ കെ എസ് ജിതേഷ്, എസിപിഒ എന്‍ എം ജയരാജന്‍, സിപിഒ റീന,ഷൈജല്‍, വി ആര്‍ ശോബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.
Pandirikara Irshad murder case accused in custody