പേരാമ്പ്ര: കാട്ടാന ശല്യം പ്രതിരോധത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു മാസത്തോളമായി ചെമ്പനോട, ആലമ്പാറ, കാട്ടിക്കുളം, കുണ്ടന്‍ മൂല, വലിയകൊല്ലി, മൂത്താട്ടുപുഴ, താമരമുക്ക്, പന്നിക്കോട്ടൂര്‍ ജനവാസ മേഖലകളില്‍ കൃഷിനാശം വരുത്തുകയും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയും ചെയ്യുന്ന കാട്ടാനശല്യത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
കൃഷിനാശം ഉണ്ടായ പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അരനൂറ്റാണ്ടിലേറെയായി കര്‍ഷകര്‍ കൃഷി ചെയ്യുന്ന സ്ഥലങ്ങളിലാണ് തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ, ജാതി എന്നീ കൃഷി വിളകള്‍ നശിപ്പിക്കപ്പെട്ടത്.
വനത്തില്‍, വെള്ളവും ഭക്ഷണവും കിട്ടാതെ വരുമ്പോഴും, ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം പെരുകുമ്പോഴുമാണ് വന്യമൃഗങ്ങള്‍ ജലവാസ മേഖലകളിലേക്ക് ഇറങ്ങുന്നതെന്നും വനത്തിനുള്ളില്‍ നില്‍ക്കേണ്ട വന്യമൃഗങ്ങള്‍ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം വനവകുപ്പിനും സര്‍ക്കാരിനുമാണെന്നും സര്‍ക്കാരും വനവകുപ്പും വന്യമൃഗ അക്രമണത്തില്‍ നിസംഗത പുലര്‍ത്തുന്ന സാഹചര്യത്തില്‍ കൃഷിയിടത്തില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നശിപ്പിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നതെന്നും അവര്‍ പറഞ്ഞു.
കാട്ടില്‍ കയറുന്ന മനുഷ്യര്‍ക്കെതിരെ കേസെടുക്കുന്ന വന വകുപ്പിനെ പോലെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ അവയുടെ ഉടമസ്ഥരും പരിപാലകരുമായിരിക്കുന്ന വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതികള്‍ക്ക് ബഡ്ജറ്റില്‍ നീക്കിവെച്ച തുകയില്‍ 100 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കാതിരുന്നത് കൊണ്ട് 2022 -23 വര്‍ഷം ലഭിക്കേണ്ട കേന്ദ്രഫണ്ട് 200 കോടി രൂപ കേരളത്തിന് നഷ്ടമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 132 കിലോമീറ്റര്‍ പരിധിയില്‍ ആന പ്രതിരോധ കിടങ്ങ് അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കാടിറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളില്‍ ആനപ്രതിരോധ കിടങ്ങ് നിര്‍മ്മിക്കുകയാണ് ശാശ്വത പരിഹാരമാര്‍ഗ്ഗമെന്നും സൗരോര്‍ജവേലിയും, സൗരോര്‍ജ്ജ തൂക്കുവേലിയും ഇവിടെ ഫലപ്രദമാകില്ലെന്ന് സ്വകാര്യ വ്യക്തികളുടെ അനുഭവത്തില്‍ നിന്ന് മനസ്സിലാവുന്നുവെന്നും ആനപ്രതിരോധ കിടങ്ങിനു ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഡ്വ ബിജു കണ്ണന്തറയോടൊപ്പം സംസ്ഥാന ജനറല്‍ സെക്രട്ടറി രവീഷ് വളയം, സെക്രട്ടറി ജോസ് കാരിവേലി, ജില്ലാ വൈസ് പ്രസിഡണ്ട് പാപ്പച്ചന്‍ കൂനംത്തടം, വാര്‍ഡ് അംഗം കെ.എ ജോസുകുട്ടി, റെജി കോച്ചേരി, ടോമി മണ്ണൂര്‍, ഷൈല ജെയിംസ്, ജോബി എടച്ചേരി, രമേശ് കേളംപൊയില്‍ എന്നിവരും ഉണ്ടായിരുന്നു.
Urgent action should be taken to prevent wild animal nuisance; Farmers Congress at perambra