Sep 20, 2023 12:20 PM

 വലിയ കൃഷിയിടമൊന്നുമില്ലെങ്കിലും ഉള്ള സ്ഥലത്ത് കുറച്ച് പച്ചക്കറികള്‍ നടാം. ഏറെ മുതല്‍മുടക്കില്ലാതെ വിഷമുക്തമായ പച്ചക്കറികള്‍ കൃഷി ചെയ്യാമെന്ന് ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ്.


ഒപ്പം വാഴ ഉള്‍പ്പെടെ പഴവര്‍ഗങ്ങളും കൃഷിചെയ്യാം. വീട്ടിലെ എല്ലാ അംഗങ്ങളുടെയും ഒത്തൊരുമ, സന്തോഷം എന്നിവ കൂടുന്നത് കണ്ടറിയാം. മടിച്ചുനില്‍ക്കേണ്ട വെള്ളവും വെളിച്ചവുമുള്ള കൃഷിയിടങ്ങള്‍ തരിശിടാതെ ചെറിയ അടുക്കളത്തോട്ടം ഒരുക്കി കോവിഡ് കാലത്ത് പലരും മാതൃക കാട്ടിയതാണ്.

എല്ലായിടത്തും കൃഷി, എല്ലാവരും കൃഷിക്കാര്‍ ഇതാവട്ടെ നമ്മുടെ ലക്ഷ്യം. സ്വന്തമായി കൃഷിക്ക് സാധിക്കുന്നില്ലെങ്കില്‍ കൂട്ടായ്മകള്‍ ഉണ്ടാക്കിയും സമയമില്ലെങ്കില്‍ അവധിദിവസം എല്ലാവരും ഒത്ത് ചേര്‍ന്നും ശ്രമിച്ചു നോക്കാം. എല്ലാവര്‍ക്കും ജൈവകൃഷി ചെയ്യാനുള്ള സാഹചര്യം ഇന്നുണ്ട്.

പ്രകൃതിജന്യ വസ്തുക്കളുപയോഗിച്ച് മികച്ച രീതിയില്‍ കൃഷിചെയ്യുന്ന നിരവധി മാതൃകകള്‍ കേരളത്തിലുണ്ട്. സമ്പൂര്‍ണ ലോക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമത്തില്‍കൂടിയാണ് ആളുകള്‍ കൃഷി പഠിച്ചത്. പല യൂട്യൂബ് ചാനലുകളും മികച്ച വരുമാനമുണ്ടാക്കി.


കൃഷിക്കുള്ള സാമ്പത്തിക സാങ്കേതിക ഉപദേശ നിര്‍ദേശങ്ങളുമായി സംസ്ഥാന കൃഷിവകുപ്പും കര്‍ഷകരും വിവിധ കാര്‍ഷിക മാധ്യമങ്ങളും അവസരമൊരുക്കുന്നു. പ്രകൃതിസൗഹൃദ കൃഷിയിലൂടെ നാടന്‍ ഉല്‍പന്നങ്ങളിലൂടെ ആദായം മാത്രമല്ല ആരോഗ്യവും തരും.

സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ കുറേയധികം തരിശുഭൂമി പച്ചപ്പണിഞ്ഞത് നമ്മള്‍ കണ്ടതാണ്. പരമാവധി നെല്‍പ്പാടങ്ങള്‍ പരിവര്‍ത്തനം ചെയ്യാതെ ഒരു പ്രദേശത്തിന് ആവശ്യമായ അരി ചെറിയതോതില്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കാം.

എല്ലാം അടുത്തുണ്ട് തരിശായ സ്ഥലങ്ങള്‍ കണ്ടെത്തി പച്ചക്കറി, വാഴ, നെല്‍കൃഷികള്‍ ആരംഭിക്കാം. ഗുണമേന്മയുള്ള പച്ചക്കറിവിത്തുകള്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് വാങ്ങാം. അല്ലെങ്കില്‍ കൃഷി വകുപ്പ് തൈ ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് മുളപ്പിച്ച തൈകള്‍ വാങ്ങി കൃഷി ആരംഭിക്കാം (സമയ ലാഭം ഇതിന് ഉണ്ട്).

കൂടാതെ പച്ചക്കറിക്കുള്ള ധനസഹായം, കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവക്ക് തൊട്ടടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം. വെള്ളം കെട്ടിനില്‍ക്കാത്ത, നന്നായി സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍.

ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ ഒരുക്കിവെക്കാം. സ്ഥലമില്ലെങ്കില്‍ ഗ്രോ ബാഗ് , ചാക്ക് , കട്ടിയുള്ള പ്ലാസ്റ്റിക് കവര്‍, സിമന്റ് ചട്ടി, ഉപയോഗശൂന്യമായ വലിയ പാത്രങ്ങള്‍, പെയിന്റ് ബക്കറ്റ്, ടയറിന്റെ ഭാഗം തുടങ്ങിയവ ഉപയോഗപ്പെടുത്താം. കൃഷിയിറക്കുന്നതിനു മുമ്പായി കാടും പുല്ലും വെട്ടിമാറ്റി കല്ലും കട്ടയും നിരപ്പാക്കി മണ്ണിലെ പുളിരസം മാറ്റാന്‍ കുമ്മായമോ ഡോളമൈറ്റോ ചേര്‍ക്കണം.


പയര്‍, പാവല്‍, പടവലം, കോവല്‍ തുടങ്ങിയവക്ക്? പന്തല്‍ ഒരുക്കണം. ജൈവരീതികള്‍ രോഗകീടങ്ങള്‍ക്കെതിരെയും ചെടികള്‍ പുഷ്ടിയോടെ വളരാനും കൂടുതല്‍ ഉല്‍പാദനത്തിനും ജൈവരീതികള്‍ പിന്തുടരാം. പച്ചക്കറി നന്നായി വളര്‍ന്ന് മികച്ച ഉല്‍പാദനം കിട്ടണമെങ്കില്‍ ആവശ്യമനുസരിച്ച് അടിവളവും മേല്‍വളവും അത്യാവശ്യമാണ്. മണ്ണിന്റെ വളക്കൂറ് കൂട്ടിയാല്‍ മാത്രമേ മികച്ച വിളവ് ലഭിക്കൂ.

പച്ചിലവളങ്ങള്‍, കമ്പോസ്റ്റ്, കാലിവളം എല്ലുപൊടി, വിവിധതരം പിണ്ണാക്കുകള്‍ ഉപയോഗിക്കാം. ഉണക്കിപ്പൊടിച്ച ചാണകം അടിവളമായി കൊടുക്കണം. കൂടാതെ, 10 ലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോ പച്ചച്ചാണകം നന്നായി ഇളക്കി ലയിപ്പിച്ച് തെളിയൂറ്റി അരിച്ചെടുത്ത് ചെടിയുടെ തടങ്ങളിലും ഇലകളിലും തളിക്കണം.

ജൈവവളങ്ങള്‍ കൂടാതെ ജൈവ സ്ലറിയും, മത്തി ശര്‍ക്കര മിശ്രിതവും, പഞ്ചഗവ്യവും എളുപ്പത്തിലും കുറഞ്ഞ ചെലവിലും തയാറാക്കി പച്ചക്കറികൃഷിയില്‍ ഉപയോഗപ്പെടുത്താം. ജൈവനിയന്ത്രണമാര്‍ഗങ്ങളായി പ്രചാരം നേടിയ ട്രൈക്കോഡെര്‍മ എന്ന മിത്രകുമിളും സ്യൂഡോമോണാസ് എന്ന മിത്ര ബാക്ടീരിയയും കേരള കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ (കെവികെ), കൃഷിവകുപ്പിന്റെ തന്നെ അഗ്രോ സര്‍വീസ് സെന്റര്‍, ഇക്കോ ഷോപ്പ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. അതിന്റെ ഉപയോഗക്രമം, കാലാവധി എന്നിവ പായ്ക്കറ്റില്‍ തന്നെ വിവരിച്ചിട്ടുമുണ്ട്.

വിഷമില്ലാത്ത പച്ചക്കറി ലഭിക്കുന്നതോടൊപ്പം കുടുംബത്തിന് സന്തോഷവും തരും ഇത്തരം അടുക്കളത്തോട്ടങ്ങള്‍.

#Kitchen garden brings happiness with non-poisonous #vegetables By #Cheruvannur #Agriculture Officer #Shabir Ahmed

Next TV

Top Stories