പേരാമ്പ്ര : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷ കേരളയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാ ഉത്സവിന് പേരാമ്പ്ര ബിആര്‍സിയില്‍ തുടക്കമായി.

കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിനായി ദേശീയ തലത്തില്‍ സംഘടപ്പിക്കുന്ന പരിപാടിയാണ് കലാ ഉത്സവ്. ബിആര്‍സി തലം, ജില്ല തലം, സംസ്ഥാന തലം, ദേശീയ തലം എന്നിങ്ങനെയുള്ള മത്സരങ്ങളാണ് നടക്കുക.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് മുഖ്യാതിഥിയായി. നിമിഷങ്ങള്‍ കൊണ്ട് അഭിലാഷ് തിരുവോത്ത് ചിത്രം വരച്ചത് കുട്ടികള്‍ക്ക് പ്രചോദനമായി.
പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിഇസി കണ്‍വീനര്‍ എ.സി മൊയ്തി, ബിആര്‍സി ട്രെയിനര്‍ എല്‍.കെ ശ്രീലേഖ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
ബ്ലോക്ക് പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിആര്‍സി ട്രെയിനര്‍ ലിമേഷ് നന്ദിയും പറഞ്ഞു. ബിആര്‍സി പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 9,10,11,12 ക്ലാസ്സുകളിലെ 35 ഓളം കുട്ടികള്‍ പത്തിനങ്ങളിലായി പങ്കെടുത്തു.
ശാസ്ത്രീയ-നാടോടി നൃത്തയിനങ്ങള്‍, നാടകം, ശാസ്ത്രീയ സംഗീതം, പരമ്പരാഗത സംഗീതം, ഉപകരണ സംഗീതം, തദ്ദേശീയ കളിയുപകരണ നിര്‍മാണം, ചിത്രരചന എന്നിവയിലാണ് ആണ്‍-പെണ്‍ വിഭാഗത്തിലായി മത്സരങ്ങള്‍ നടക്കുന്നത്.
Kala Uthsav kicks off at Perambra BRC