പേരാമ്പ്ര: വൃദ്ധ ദമ്പതികളുടെ 7 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളടങ്ങിയ ബാഗ് കൈക്കലാക്കിയ മോഷ്ടാവിനെ തന്ത്ര പരമായി വലയിലാക്കി പേരാമ്പ്ര സ്വദേശിയായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ശ്രീകാന്ത് നാടിന് അഭിമാനമായി.
ബുധനാഴ്ച രാത്രി കൊങ്കണ്‍ റയില്‍വേയില്‍ മംഗലുരുവിന് സമീപം തൊക്കൂര്‍ സ്റ്റേഷന്‍ വഴി 16346 നമ്പര്‍ നേത്രാവതി എക്‌സ്പ്രസ് ട്രെയിന്‍ കടന്ന് പോവുന്ന സമയത്ത് S7 കോച്ചില്‍ യാത്ര ചെയ്തിരുന്ന വൃദ്ധ ദമ്പതികളുടെ 7 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങള്‍ അടങ്ങിയ ബാഗ് ദമ്പതികള്‍ കാണ്‍കെ മോഷ്ടിച്ച് ഓടുന്ന വണ്ടിയില്‍ നിന്നും രക്ഷപെട്ട മോഷ്ടാവിനെ തന്ത്രപൂര്‍വ്വം വലയിലാക്കിയത് ആര്‍പിഎഫിന്റെ അഭിമാനമായ വി.വി ശ്രീകാന്തിന്റെ (ഉഡുപ്പി ആര്‍പിഎഫ്) ബുദ്ധിപരമായ പ്രവര്‍ത്തികൊണ്ടാണ്.
നേത്രാവതി എക്‌സ്പ്രസില്‍ നിന്നും തൊക്കൂര്‍ സ്റ്റേഷന്‍ ഔട്ടറില്‍ രക്ഷപെട്ട മോഷ്ടാവ് പിന്നാലെ ആ സ്റ്റേഷനില്‍ സിഗ്‌നല്‍ ക്ലിയറിന് വേണ്ടി നിര്‍ത്തിയിട്ടിരുന്ന തിരുനെല്‍വേലി ദാദര്‍ എക്‌സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ കയറി രക്ഷപെടുകയായിരുന്നു. ഡല്‍ഹി സ്വദേശിയായ സണ്ണി മല്‍ഹോത്രയാണ് പിടിയിലായത്.
ദമ്പതികള്‍ ഉടന്‍ വണ്ടിയിലുണ്ടായിരുന്ന ടിക്കറ്റ് പരിശോധകന് പരാതി നല്‍കി. അദ്ദേഹം ഇത് ഉഡുപ്പി സ്റ്റേഷനിലെ ശ്രീകാന്തിന് കൈമാറി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഉഡുപ്പി സ്റ്റേഷനില്‍ പരിശോധന നടത്തിയ ശ്രീകാന്ത് ഉഡുപ്പി സ്റ്റേഷനില്‍ സിഗ്‌നല്‍ ക്ലിയറിന് വേണ്ടി കാത്തിരുന്ന തിരുനെല്‍വേലി ദാദര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന വ്യക്തി സ്റ്റേഷന്‍ ഫ്‌ലാറ്റ്‌ഫോമില്‍ വച്ച് പുകവലിക്കുന്നത് കണ്ടു. ശ്രീകാന്ത് ഇയാളുടെ അരികില്‍ ചെന്നപ്പോള്‍ തന്നെ കാലിലും ചെരിപ്പിലും പറ്റി പിടിച്ചിരുന്ന ചെളി ശ്രദ്ധയില്‍ പെട്ടിരുന്നു.
ശ്രീകാന്ത് അദ്ദേഹത്തിന്റെ ടിക്കറ്റ് ചോദിച്ചു ടിക്കറ്റ് വെളിയില്‍ എടുക്കുന്ന സമയത്ത് ടിക്കറ്റിന്റെ ഒപ്പം കൈയ്യില്‍ വന്ന ആറ് 500 രൂപ നോട്ട് ( പരാതിക്കാരുടെ മൊഴി പ്രകാരം ബാഗില്‍ ആറ് 500 രൂപ നോട്ട് ഉണ്ടായിരുന്നു) കാണുകയുണ്ടായി ഇയാളുടെ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ടിക്കറ്റ് വാങ്ങിയ സമയം 21. 00 ആയിരുന്നു 21.30 ന് മാത്രമേ നേത്രാവതി എക്‌സ്പ്രസ് മംഗലാപുരം ജങ്ക്ഷനില്‍ നിന്നും പുറപെടുകയുള്ളൂ.
സംശയം തോന്നിയ ശ്രീകാന്ത് സിഗരറ്റ് വലിച്ചതിന് ഫൈന്‍ അടക്കണം എന്ന വ്യാജേന ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടി വന്നു. ശ്രീകാന്തിന് ഡ്യുട്ടിയിലുളള മറ്റ് രണ്ട് റയില്‍വേ ഉദ്യോഗസ്ഥരെയും കൂട്ടി ദേഹ പരിശോധന നടത്തിയപ്പോള്‍ വൃദ്ധദമ്പതികളുടെ മോഷണം പോയ ആഭരണങ്ങള്‍ ഇയാള്‍ കഴുത്തില്‍ അണിഞ്ഞ് ഒരു ഷാള്‍ കൊണ്ട് മറച്ചുവച്ചിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും മനസിലായി. ബാഗും കുറച്ച് ആദരണങ്ങളും (കരിമണി മാല മുക്ക് പണ്ടം ആണ് എന്ന് ധരിച്ച്) തൊക്കൂര്‍ സ്റ്റേഷന്‍ ഔട്ടറില്‍ ഉപേക്ഷിച്ചിരുന്നു.
ശ്രീകാന്തിന്റെ അവസരോചിതമായ ഇടപെടല്‍ വൃദ്ധ ദമ്പതിമാര്‍ക്ക് അനുഗ്രഹമായി. മുംബൈ ബാദ്രയില്‍ താമസിക്കുന്ന ഷൊര്‍ണ്ണൂര്‍ സ്വദേശികളായ ദമ്പതികളുടെത് ആണ് ആഭരണങ്ങളും പണവും. നാട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. മോഷണം ഭയന്ന് ദേഹത്ത് അണിഞ്ഞ ആഭരണങ്ങള്‍ ഉള്‍പ്പെടെ ബാഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ദമ്പതികള്‍. മോഷ്ടാവിനെ പിന്നീട് മണിപ്പാല്‍ പൊലീസിന് കൈമാറി.
സേനക്കും നാടിനും അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീകാന്ത്. പേരാമ്പ്ര പാലേരി വഞ്ചി വയലില്‍ പരേതനായ ശ്രീധരക്കുറുപ്പിന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകനാണ് ശ്രീകാന്ത്.
Sreekanth, a native of Perambra, became proud of the nation by trapping the thief