പേരാമ്പ്ര: കായണ്ണ കാര്‍ഷിക വികസന തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന് പൊതുജനങ്ങള്‍ക്കിടയിലുള്ള വിശ്വാസവും സ്വീകാര്യതയും തകര്‍ക്കാമെന്ന വ്യാമോഹത്തോടെയും ദുരുദ്ദേശത്തോടെയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഇ.എം. രവീന്ദ്രന്‍ തുടര്‍ച്ചയായി ഉന്നയിച്ചു കൊണ്ടിരിക്കയാണന്ന് സഹകരണ സംഘം പ്രസിഡന്റ് എം. ഋഷികേശന്‍, സെക്രട്ടറി ബിന്ദു ബാലകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. വിജയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കായണ്ണ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സ്വമേധയാ ഇദേഹം മാറിയിട്ട് 5 വര്‍ഷത്തോളമായി. അതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായും കായണ്ണയില്‍ പ്രവര്‍ത്തിച്ചുവരുന്ന സഹകരണ സ്ഥാപങ്ങള്‍ക്ക് എതിരെയും നിരന്തരമായ ആക്ഷേപങ്ങളും പരാതികളും ഉന്നയിച്ചു കൊണ്ടിരിക്കുന്ന ശല്യക്കാരനായ വ്യവഹാരിയായി ഇയാള്‍ മാറിയിരിക്കുകയാണെന്നും ഇതുവരെ നല്‍കിയ എല്ലാ പരാതികളും അടിസ്ഥാന രഹിതമായതിനാല്‍ സഹകരണവകുപ്പും മറ്റ് വകുപ്പുകളും തള്ളിക്കളയുകയാണ് ചെയ്തതെന്നും ഓരോ പരാതികളും തള്ളുമ്പോഴും വീണ്ടും വീണ്ടും പരാതികള്‍ നല്‍കുകയാണെന്നും അവര്‍ പറഞ്ഞു.
10 വര്‍ഷത്തോളമായി കായണ്ണയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘത്തിന്റെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആര്‍ക്കും പരിശോദിക്കാവുന്നതാണെന്നും സംഘത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ യാതൊരു പരാമര്‍ശവും സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ വരാനിടയായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംഘം തെരഞ്ഞെടുപ്പ് വിജ്ഞാപനം പത്രങ്ങളില്‍ നല്‍കിയത് ചട്ടപ്രകാരമല്ലെന്ന് അതെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയ ഇയാള്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയും കമ്മീഷന്‍ തള്ളിക്കളയുകയാണ് ചെയ്തതെന്നും മേല്‍ തെരഞ്ഞെടുപ്പില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനത്തിനെതിരെ മത്സരിക്കുകയും ദയനീയമായ പരാജയപ്പെടുകയും ചെയ്തതിന്റെ ജാള്യത മറച്ചുവെക്കാന്‍ കൂടിയാണ് ഇത്തരം ദുരാരോപണങ്ങള്‍ അഴിച്ചു വിടുന്നതെന്നും ഇവര്‍ ആരോപിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനത്തിനെതിരെ മത്സരിച്ചതിന്റെ പേരില്‍ ഡിസിസി പ്രസിഡന്റ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സംഘത്തിന്റെ പരിധിയിലില്ലാത്തവര്‍ക്ക് അംഗത്വം നല്‍കിയെന്നാണ് മറ്റൊരു ആരോപണം.
പ്രവര്‍ത്തന പരിധിയില്‍ വ്യാപാരം നടത്തുന്നവരും ഭൂസ്വത്തുള്ളവരും കായണ്ണയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്കും അക്കാലത്തു സംഘവുമായുള്ള ഇടപാടുകളുടെ പേരിലാണ് ചുരുക്കം പേര്‍ക്ക് അംഗത്വം നല്‍കിയത്. തൊണ്ണൂറു ശതമാനം പേരും ഇടപാടുകള്‍ അവസാനിപ്പിക്കുകയും ചെയ്തതാണ്.
അതിനാല്‍ സംഘത്തിന്റെ സല്‍കീര്‍ത്തി കളങ്കപ്പെടുത്തിക്കളയാമെന്ന ദുരുദ്ദേശത്തോടെ രവീന്ദ്രന്‍ നടത്തിവരുന്ന ആരോപണങ്ങള്‍ സംഘത്തെ അടുത്തറിയാവുന്ന പൊതുജനങ്ങളും മാന്യ മെമ്പര്‍മാരും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന ഉത്തമ വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ പറഞ്ഞു. പി.ടി ഇബ്രാഹിം, പി.കെ. അബ്ദുള്‍ സലാം, എം.വി മൊയ്തി എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Reply to the allegations against the cooperative