---
title: "കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം"
english_title: "Arattu Mahotsava At Koothali Kammoth Mahavishnu Temple To Begin Tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177269/arattu-mahotsava-at-koothali-kammoth-mahavishnu-temple-to-begin-tomorrow"
published_at: "2024-01-16T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6c0b7ad6bd_atw.jpg"
keywords: []
---

# കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം

> **Lead Summary:**  പേരാമ്പ്ര : മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം ജനുവരി 17 മുതല്‍ 22 വരെ നടത്തപ്പെടുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

 പേരാമ്പ്ര : മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം ജനുവരി 17 മുതല്‍ 22 വരെ നടത്തപ്പെടുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഈക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ആദ്ധ്യാത്മിക പ്രഭാഷണം, ഭഗവത് നൃത്തം, തായമ്പക, മഹാസര്‍പ്പബലി, പള്ളിവേട്ട, എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, കച്ചവട വിനോദ വിജ്ഞാന പരിപാടികള്‍, കാര്‍ണിവെല്‍, നാടകം, ഗാനമേള, പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ എന്നിവ ഉണ്ടാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ദിവസവും വിശേഷാല്‍ പൂജകളും അന്നദാനവും ഉണ്ടായിരിക്കും.

ജനുവരി 17 ബുധനാഴ്ച രാത്രി ക്ഷേത്രം തന്ത്രി കെ. മാധവന്‍ ഭട്ടതിരി കൊടിയേറ്റുന്നതോടെ ആറാട്ട് മഹോത്സവത്തിന് തുടക്കമാവും. രാത്രി 9 മണിക്ക് ക്ഷേത്ര പരിസരത്ത് തയ്യാറാക്കിയ വേദിയില്‍ പയ്യന്നൂര്‍ ഹണി ഓര്‍ക്കസ്ട്ര ഒരുക്കുന്ന ഗാനമേള അരങ്ങേറും. 18 വ്യാഴാഴ്ച വൈകിട്ട് 6 മണിമുതല്‍ പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാട്ടരങ്ങും തുടര്‍ന്ന് സാംസ്‌ക്കാരിക സമ്മേളനവും ഉണ്ടാവും.

19 വെള്ളിയാഴ്ച ക്ഷേത്രാങ്കണത്തില്‍ ആധ്യാത്മിക പ്രഭാഷകന്‍ വി.പി. ഉണ്ണികൃഷ്ണന്റെ ആത്മീയ പ്രഭാഷണവും രാത്രി 9 മണിക്ക് തിരുവനന്തപുരം സംഘകേളിയുടെ മക്കളുടെ ശ്രദ്ധക്ക് എന്ന നാടകവും അരങ്ങേറും.

20 ശനിയാഴ്ച ഗജവീരന്മാരുടെയും താളവാദ്യങ്ങളുടെയും അമ്പടിയോടെ കല്ലോട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന എഴുന്നള്ളത്തും, ക്ഷേത്രാങ്കണത്തില്‍ ശ്രീരാഗം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും പ്രധാന വേദിയില്‍ മ്യൂസിക് ഫ്രണ്ട്സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

21 ഞായറാഴ്ച പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാട്ടരങ്ങും രാത്രി 12 മണിക്ക് വെടിക്കെട്ടും ഉണ്ടായിരിക്കുന്നതാണ്. തിങ്കളാഴ്ച കാലത്ത് ഭഗവാന്റെ കുളിച്ചാറാട്ടോടെ മഹോത്സവത്തിന് സമാപ്തിയാവും.

ഉത്സവാഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ.എം. രാജന്‍, ജനറല്‍ കണ്‍വീനര്‍ കെ.എം. ഉണ്ണികൃഷ്ണന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം. മോഹനകൃഷ്ണന്‍, അംഗങ്ങളായ സി.പി. പ്രകാശന്‍, എന്‍.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177269/arattu-mahotsava-at-koothali-kammoth-mahavishnu-temple-to-begin-tomorrow)