പേരാമ്പ്ര : ബീഹാര്‍ സ്വദേശിയായ മുഹമ്മദ് പാലേരിയില്‍ പണം പയറ്റ് നടത്തി. സാഹോദര്യത്തിന്റെ സഹകരണത്തിന്റെയും മലബാറിന്റെ തനത് മാതൃകയായ പണം പയറ്റില്‍ ആകൃഷ്ടനായ ബീഹാര്‍ സ്വദേശിയായ മുഹമ്മദും പണം പയറ്റ് ആരംഭിച്ചു.

പാലേരി പാറക്കടവിലെ നന്മയുള്ള സമൂഹവും പിന്തുണയുമായി കൂടെ നിന്നു. 2021ല്‍ ആദ്യ പണം പയറ്റ് , അന്ന് കിട്ടിയ പണം ഉപയോഗിച്ച് പാറക്കടവില്‍ താന്‍ സ്വന്തമായി വാങ്ങിയ സ്ഥലത്ത് വീട് വെച്ചു. ആദ്യത്തെ പയറ്റ് കഴിക്കുമ്പോള്‍ ആളുകള്‍ക്ക് അത്ര വിശ്വാസം പോരായിരുന്നു. എന്നാല്‍ ആദ്യ പയറ്റിന് ശേഷം പയറ്റ് തുക കൃത്യമായി തിരിച്ചു നല്‍കിയതോടെ ആളുകളുടെ വിശ്വാസം അരക്കിട്ട് ഉറപ്പിച്ചു.
ഇന്ന് നൂറില്‍പരം ആളുകളുമായി പയറ്റ് ഇടപാടുണ്ട് മുഹമ്മദിന്. 12 വര്‍ഷം മുമ്പ് ഇന്‍ഡസ്ട്രിയല്‍ തൊഴിലാളിയായി പാറക്കടവ് എത്തിയതാണ് മുഹമ്മദ്. നാട്ടുകാരുടെ സഹകരണത്തെപ്പറ്റിയും പണം പയറ്റ് എന്ന പരസ്പര സഹായ പദ്ധതിയെ കുറിച്ചും നല്ല അഭിപ്രായമാണ് ബീഹാര്‍ പൂര്‍വി ചമ്പാരന്‍ ജില്ലയിലെ രംകടവ സ്വദേശിയായ മുഹമ്മദിന്. പൊതുവെ ആളുകള്‍ തന്റെ പേരിനൊപ്പം ജന്മസ്ഥലം കൂടി ചേര്‍ത്ത് അറിയപ്പെടാറുണ്ട്. എന്നാല്‍ മുഹമ്മദ് തന്റെ പേരിനൊപ്പം സംസ്ഥാനത്തെ തന്നെയാണ് ചേര്‍ത്തത് - മുഹമ്മദ് ബിഹാര്‍ . പാറക്കടവ് മുണ്ടിയോടന്‍ വീട്ടിലാണ് മുഹമ്മദും കുടുംബവും കഴിയുന്നത്. മഹല് കമ്മിറ്റി ഉള്‍പ്പെടെ നാട്ടുകാര്‍ നല്ല സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്ന് മുഹമ്മദ് പറഞ്ഞു. മുഹമ്മദിനെ നാട്ടുകാര്‍ക്കും വലിയ കാര്യമാണ്. ഒരു അതിഥി തൊഴിലാളിയായി എത്തി സ്ഥലവും വീടും റേഷന്‍ കാര്‍ഡും എല്ലാം സ്വന്തമാക്കി ഈ നാട്ടിലെ പണം പയറ്റും ഏറ്റെടുത്തിരിക്കുകയാണ്. രണ്ട് ലക്ഷത്തോളം രൂപ പയറ്റില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ്. ഒരു അന്യ സംസ്ഥാന തൊഴിലാളി റേഷന്‍ കാര്‍ഡ് സ്വന്തമായി ഉണ്ടാക്കിയത് ആദ്യത്തെ അനുഭവമാണെന്ന് മുഹമ്മദിന് റേഷന്‍ കാര്‍ഡ് ശരിയാക്കി കൊടുത്ത റേഷന്‍ വ്യാപാരിയും ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് പ്രസിഡന്റുമായ പുതുക്കോട്ട് രവിന്ദ്രന്‍ പറഞ്ഞു. തന്റെ നാട്ടുകാരിയായ തൗഫികഖാത്തുനിയെ 2018 ല്‍ ജീവിത സഖിയാക്കിയ മുഹമ്മദിന് ഇല്‍മ, മുഹമ്മദ് ഹാരിസ് എന്നീ രണ്ട്മക്കളുമുണ്ട്.
Bihar native gets money in Paleri