പേരാമ്പ്ര: എല്‍ഡിഎഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ യോഗം സംഘടിപ്പിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് യോഗം ഉദ്ഘാടനം ചെയ്തു.
ബിജെപിയെ ഇന്ത്യയുടെ ഭരണത്തില്‍ നിന്നും മാറ്റാന്‍ ഉണ്ടാക്കിയ ഇന്ത്യ മുന്നണിയുടെ നേതാവ് എന്ന് പറയുന്ന രാഹുല്‍ ഗാന്ധി ബിജെപിയെ പേടിച്ച് പിണറായി വിജയന്റെ കേരളത്തില്‍ വന്ന് മത്സരിക്കേണ്ട അവസ്ഥയായെന്ന് അദേഹം പറഞ്ഞു.
അമേഠിയില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും റൈബറേലിയയില്‍ സോണിയാ ഗാന്ധി ഇല്ലാഞ്ഞിട്ടും അവിടെ മത്സരിക്കാന്‍ തയാറാകാതെ ബിജെപിയുടെ പൊടി പോലുമില്ലാത്ത വയനാട്ടിലാണ് മത്സരിക്കുന്നത്. ഇത്രയ്ക്ക് ബിജെപിയെ ഭയക്കുന്ന ആളാണോ രാജ്യത്തെ രക്ഷിക്കാന്‍ ഇറങ്ങിയതെന്നും അദ്ദേഹം ചോദിച്ചു.
ഇത്തവണ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് പറയുന്ന ബിജെപി സാധാരണക്കാരായ ഹിന്ദുക്കളുടെ രാഷ്ട്രമല്ല മറിച്ച് അധാനിമാരുടെ നാടാക്കാനുള്ള ശ്രമമാണ് നടത്തുക. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് രാജ്യത്തെ അഴിമതിയില്‍ മുക്കിയ ബിജെപിയാണ് ഇന്ത്യ മുന്നണിയെ പറ്റി പറയുന്നത്. അഴിമതിയുടെ പേരില്‍ 2 മുഖ്യമന്ത്രിമാരെ ജയിലില്‍ അടച്ചത് വിരോധാഭാസമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തെളിവില്ലെന്നു പറഞ്ഞ് തുറന്നു വിടുന്ന സാഹചര്യം ഉണ്ടാകും. ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ 8252 കോടിയാണ് ബിജെപി കൈക്കലാക്കിയെങ്കില്‍ കോണ്‍ഗ്രസും മോശമാക്കിയിട്ടില്ല. 1800 കോടിയോളം അവരും വാങ്ങിയിട്ടുണ്ട്. ഇത്തരം അഴിമതികളൊന്നും നടത്താത്ത ഏക ദേശീയ പാര്‍ട്ടി സിപിഎം മാത്രമാണെന്നും അദേഹം പറഞ്ഞു.
ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചാണ് പണം ഉണ്ടാക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് ചില സംസ്ഥാനങ്ങളെ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നു. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്ത സാഹചര്യമാണ്. ഇഡിയെയും സിബിഐയെയും പേടിച്ച് കോണ്‍ഗ്രസ് നേതാക്കളും അണികളും ബിജെപിയില്‍ ചേക്കേറുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. കെജ്രിവാള്‍ അടക്കം 2 മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തിട്ടും എന്താണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്താണ് എന്ന രാഹുലിന്റെ ചോദ്യം സിപിഎമ്മിനോടുള്ള കോണ്‍ഗ്രസിന്റെ മനോഭാവമാണ് പുറത്ത് കാണിക്കുന്നത്. ഇന്ത്യ മുന്നണി നിലവിലുണ്ടെങ്കിലും നേത്യത്വം ഒന്നും ചെയ്യാന്‍ കഴിയാത്ത കോണ്‍ഗ്രസ് ആയതാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
കണ്‍വീനര്‍ ഒ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു. ഇ.എസ്. ബിജിമോള്‍ എംഎല്‍എ, ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, കെ. കുഞ്ഞമ്മദ്, എ.കെ. പത്മനാഭന്‍, കെ.കെ. നാരായണന്‍, എം. കുഞ്ഞമ്മദ്, സമദ് നരിനട, സുരേന്ദ്രന്‍ പാലേരി, എന്‍.കെ. വത്സന്‍, കിഴക്കയില്‍ ബാലന്‍, ഉണ്ണി വേങ്ങേരി, കെ.വി. കുഞ്ഞിക്കണ്ണന്‍, താനായി കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.
LDF election campaign meeting at changaroth