പേരാമ്പ്ര : കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ രണ്ടു മാസം മുമ്പെ തുറന്നെങ്കിലും ബ്രാഞ്ച് കനാലുകളില്‍ ഇതുവരെയും വെള്ളമെത്തിയിട്ടില്ല.
ചങ്ങരോത്ത് മാനോളി, പറമ്പാടക്കല്‍ ഭാഗങ്ങളിലാണ് ഇതുവരെയായിട്ടും കനാല്‍ ജലമെത്താത്തത്. പന്തിരിക്കര ഒറ്റക്കണ്ടം റോഡില്‍ കുന്നത്ത് ഭാഗത്തു നിന്നും തുടങ്ങുന്നതാണ് ഈ ബ്രാഞ്ച് കനാല്‍.
ഈ ഭാഗത്ത് കവുങ്ങുള്ള ചാലില്‍, കൈതക്കുളം, മഠത്തും കണ്ടി ഭാഗത്ത് വരെ നാട്ടുകാര്‍ സ്വന്തം ചിലവില്‍ കനാലിലെ കാട് വെട്ടിത്തെളിച്ചും കനാലിലെ മണ്ണും ചെളിയും നീക്കിയാണ് വെള്ളമെത്തിച്ചത്. എന്നാല്‍ ബാക്കി വരുന്ന സ്ഥലങ്ങളില്‍ കാട് മൂടി, മണ്ണ് നിറഞ്ഞ് ജലമൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.
ഇതോടെ കനാല്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ കിണറുകള്‍ വറ്റി കുടിവെള്ള ക്ഷാമവും രൂക്ഷമായി. കൃഷി ആവശ്യത്തിനാണ് കനാല്‍ തുറക്കുന്നതെങ്കിലും കടുത്ത വേനലില്‍ കിണറുകളിലെ ജലം വറ്റാതെ നിലനിര്‍ത്തുന്നതും ഈ കനാല്‍ ജലം തന്നെയാണ്.
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയെങ്കിലും കനാല്‍ നന്നാക്കി വെള്ളമെത്തിച്ച് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
The canal did not reach the drinking water shortage