പേരാമ്പ്ര: കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പന്തിരിക്കര പള്ളിക്കുന്ന് പപ്പിപറമ്പിന് സമീപം റോഡ് നവീകരണ പ്രവൃത്തി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഓവുചാലില്‍ നിറഞ്ഞ മണ്ണും മരങ്ങളും നീക്കാത്തത് വ്യാപക പരാതിക്കിടയാക്കി.
20- കോടിയോളം രൂപ ചിലവില്‍ കടിയങ്ങാട് പൂഴിത്തോട് റോഡ് നവീകരിച്ചപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്ത മണ്ണും, കല്ലുമൊക്കെ ഈ ഓവുചാലില്‍ നിക്ഷേപിച്ചിരുന്നു. പിന്നിട് ഇവ നീക്കം ചെയ്തപ്പോള്‍ ഓവുചാലിനുള്ളിലെ മണ്ണ് നീക്കം ചെയ്തില്ല. പിന്നീട് റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡരികില്‍ നിന്ന് മുറിച്ച മരങ്ങളും നീക്കം ചെയ്യാതെ ഓവുചാലിലും റോഡരികിലും കിടപ്പാണ്.
ഇവ നീക്കം ചെയ്യാത്തത് കാല്‍നട യാത്രക്കാര്‍ക്കും, ഇരുചക്ര വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. മഴക്കാലത്ത് പള്ളിപ്പറമ്പില്‍ നിന്നും, റോഡില്‍ നിന്നും കുത്തിയൊലിക്കുന്ന മഴ വെള്ളം ഓവുചാലില്‍ പതിക്കാതെ റോഡിലേക്കൊഴുകി റോഡ് തകരുന്നതിനും കാരണമാകും.
പല തവണ ഈ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എത്രയും പെട്ടെന്ന് തന്നെ ഓവുചാലിലെ മണ്ണ് നീക്കം ചെയ്ത് മഴ വെള്ളം ഒഴുക്കിവിടാന്‍ സൗകര്യമൊരുക്കണമെന്നും, അപകടഭീഷണിയുയര്‍ത്തുന്ന റോഡരികില്‍ മുറിച്ചിട്ട മരണങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളോടാവശ്യപ്പെടുന്നത്.
The soil and cut trees should be removed from the drain at kadiyangad