പേരാമ്പ്ര: ഒരു നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ പോസ്റ്റ്മാസ്റ്റര്‍ക്ക് താത്കാലിക വിടനല്‍കി ഗ്രാമം. മൂന്ന് പതിറ്റാണ്ടിലധികമായി ഗ്രാമത്തിലൊരാളായി മികച്ച സേവനം നല്‍കി സ്ഥലം മാറിപ്പോകുന്ന പോസ്റ്റ്മാസ്റ്റര്‍ക്ക് പൗരാവലി വന്‍ സ്വീകരണം നല്‍കുന്നത്. എടവരാട് പോസ്റ്റ്മാസ്റ്റര്‍ ദിനേശ് കോമത്തിനാണ് എടവരാട് പൗരാവലി സ്വീകരണമൊരുക്കുന്നത്.
നാളെ വൈകിട്ട് എടവരാട് എഎംഎല്‍പി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന ചടങ്ങ് കെ മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ജില്ല- ബേ്‌ളാക്ക്- ഗ്രാമപഞ്ചായത്ത് മെംബര്‍മാര്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നീണ്ട 32 വര്‍ഷവും 5 മാസവുമായി എടവരാട് പോസ്റ്റ്മാസ്റ്ററായി സേവനം അനുഷ്ടിച്ച ദിനേശ് കോമത്ത് സൗമ്യ പ്രകൃതം കൊണ്ടും ജോലിയിലെ ആത്മാര്‍ത്ഥതകൊണ്ടും നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു.
എടവരാട് ബ്രാഞ്ച് പോസ്റ്റ് ഓഫീസില്‍ പ്രഥമ പോസ്റ്റ് മാസ്റ്ററായി സ്ഥാനമെടുത്തതിനു ശേഷം നാടിന്റെ സ്പന്ദനങ്ങളറിഞ്ഞ് ഓരോ ഇടവഴികളും താണ്ടി മൂന്ന് പതിറ്റാണ്ടുകാലത്തെ ആത്മാര്‍ത്ഥ സേവനത്തിനു ഉത്തമ ഉദാഹരണമായി മാറുകയായിരുന്നു.
രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണി വരെ യുള്ള പാര്‍ടൈം ജോലി ആണെങ്കിലും സമയം വൈകിയാലും ജോലി തീര്‍ത്തേ ദിനേശന്‍ വീട്ടിലോട്ട്് പോകാറുള്ളൂ.
ഒരുകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ജോലി ചെയ്തിരുന്ന പ്രദേശ വാസികള്‍ക്ക് പോസ്റ്റ് ഓഫീസ് പ്രധാന ആശ്രയ കേന്ദ്രമായിരുന്നു. ടെലഫോണ്‍ സംവിധാനം നമ്മുടെ നാട്ടില്‍ വന്നപ്പോഴും സാധാരണക്കാര്‍ക്ക് ആശ്രയം പോസ്റ്റോഫീസ് ആയിരുന്നു.
പില്‍ക്കാലത്ത് മൊബൈല്‍ ഫോണുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും തരംഗത്തില്‍ പോസ്റ്റ് ഓഫീസുകള്‍ പിന്നിലായെങ്കിലും നിലവില്‍ തൊഴിലുറപ്പ് തൊഴി ലാളികള്‍, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ തുടങ്ങി ബാങ്ക് വഴിയുള്ള എല്ലാ പണമിടപാടുകള്‍ക്കും പോഓഫീസും പോസ്റ്റ് മാസ്റ്റര്‍ ദിനേശും വലിയ സേവന കേന്ദ്രമായിരുന്നു.
പിതാവിന്റെ ആശ്രിത നിയമനം വഴിയായിരുന്നു നിയമനം. അച്ഛന്‍ ജോലി ചെയ്തിരുന്ന ഇരിങ്ങത്ത് പോസ്‌റ്റോഫീസിലേക്കാണ് സ്ഥലംമാറ്റം. തുറയൂര്‍ ബി.ടി.എം. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ജയയാണ് ഭാര്യ.
ഏക മകള്‍ ചന്ദന ദിനേശ് വടകര ശ്രീനാരായണ കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്നു. ഒരു സഹോദരിയും രണ്ട് സഹോദന്‍ മാരുമാണ് ദിനേശിനുള്ളത്.
Edavarad Pauravali prepares farewell to Anchalottakar