---
title: "ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി "
english_title: "Ward Development Committee pays homage to C Raghavan who made the celebrations green"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21344/ward-development-committee-pays-homage-to-c-raghavan-who-made-the-celebrations-green"
published_at: "2022-01-17T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e595aab28f3_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി 

> **Lead Summary:** **മേപ്പയ്യൂര്‍: **വനമിത്ര പുരസ്‌കാര ജേതാവ് സി രാഘവനെ അരിക്കുളം പഞ്ചായത്ത് പത്താം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **വനമിത്ര പുരസ്‌കാര ജേതാവ് സി രാഘവനെ അരിക്കുളം പഞ്ചായത്ത് പത്താം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

അരിക്കുളത്തും സമീപ പ്രദേശങ്ങളിലും നടക്കുന്ന വിവാഹം ഗൃഹപ്രവേശനം പോലുള്ള ആഘോഷവേളകളില്‍ വര്‍ഷങ്ങളായി തന്റെ വകയായി വൃക്ഷത്തൈ സമ്മാനമായി നല്‍കിക്കൊണ്ട് സന്തോഷ വേളകളെ ഹരിതാഭമാക്കുകയാണ് അരിക്കുളത്തെ മുന്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് കൂടിയായ സി രാഘവന്‍.

ജോലി ചെയ്ത മുഴുവന്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ജൈവ വൈവിധ്യ ഉദ്ധ്യാനങ്ങള്‍ നിര്‍മ്മിക്കാനും പരിചരിക്കാനും ജോലിത്തിരക്കിനിടയിലും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു.

ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ നടപ്പിലാക്കിയ ഒരു തൈ നടുമ്പോള്‍ പദ്ധതിപ്രകാരം വിവിധ വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും വൃക്ഷത്തൈ നട്ടു പിടിപ്പിക്കുന്നതില്‍ രാഘവന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ നാടിനെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാരിന്റെ വനം വന്യജീവി വകുപ്പ് 2021ലെ വനമിത്ര പുരസ്‌കാരം ലഭിച്ചതില്‍ നാടും നാട്ടുകാരും ഏറെ സന്തോഷത്തിലാണ്.

വാര്‍ഡ് മെമ്പര്‍ കെ ബിനി സി രാഘവനുള്ള ഉപഹാരം നല്‍കി. ശിശുദിനത്തില്‍ വാര്‍ഡ് തലത്തില്‍ നടത്തിയ പ്രസംഗ മത്സര വിജയികള്‍ക്ക് സി രാഘവന്‍, കെ.എം ഷൈനി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വി.വി.എം ബഷീര്‍, എന്‍.പി ബാബു, പി ശശീന്ദ്രന്‍, തങ്കമണി ദീപാലയം, കെ ഷിജ, എം ബബിത, എന്‍.വി.എം കാസിം, എം.എ രാജന്‍, സി.കെ.എം. ഷൈനി, സി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21344/ward-development-committee-pays-homage-to-c-raghavan-who-made-the-celebrations-green)