കൂട്ടാലിട: 'ആര്‍ദ്രമീ ധനുമാസ രാവുകളൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ......ദേശവും കാലവും മൗനമായ ഇടനാഴികളിലൂടെ മന്ത്രിച്ചിരുന്നു. 'പുതുവഴി നീ വെട്ടുന്നാകില്‍ പലതുണ്ടേ ദുരിതങ്ങള്‍ എന്ന് കവി പാടിയപ്പോള്‍ കവിതയിലും സാഹിത്യത്തിലും ജീവിതത്തിലും പുതുവഴി സൃഷ്ടിക്കുകയായിരുന്നു കക്കാട് ' കക്കാട് ഇല്ലവും അവിടനല്ലൂരും സ്‌കൂളുമൊക്കെ തന്റെ കാവ്യലോകത്തില്‍ ഇടം പിടിച്ചത് ഗ്രാമീണ സംസ്‌കൃതിയുടെ നന്മകളുടെ ചിത്രങ്ങളായാണ്.
പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കോഴിക്കോട് ജില്ലാ സമിതി കൂട്ടാലിട അവിടനല്ലൂര്‍ എന്‍.എന്‍. കക്കാട് സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അനുസ്മരണം സംഘടിപ്പിച്ചു. ദേശ ഗ്രാമസ്മൃതികളുണര്‍ത്തി കവി എന്‍.എന്‍. കക്കാട് അനുസ്മരണം ശ്രദ്ധേയമായത് കുട്ടികളും അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും, സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖരും ഒത്തു ചേര്‍ന്നപ്പോള്‍ പുതു ചരിത്രം കുറിക്കുകയായിരുന്നു.

അനുസ്മരണ പരിപാടി കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കവിതയിലൂടെ പുതുവഴി വെട്ടിയത് തന്റെ ജീവിതത്തിന്റെ മാറ്റം കൂടിയായിരുന്നു എന്ന് കക്കാട് ഓര്‍മപ്പെടുത്തുകയാണന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കക്കാടിന്റെ മകനുമായ ശ്യാം കക്കാട് മുഖ്യാതിഥിയായി പങ്കെടുത്തു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ്, ബിജു കാവില്‍, വിദ്യാരംഗം ജില്ല കോഡിനേറ്റര്‍ രഞ്ജീഷ് ആവള, ജില്ല അസി കോഡിനേറ്റര്‍ വി.എം. അഷറഫ്, പ്രധാനധ്യാപിക കെ.കെ. മിനി, വിദ്യാരംഗം കോട്ടൂര്‍ പഞ്ചായത്ത് കോഡിനേറ്റര്‍ ജിതേഷ് പുലരി, കെ. ബിനില തുടങ്ങിയവര്‍ സംസാരിച്ചു.
സഹജ് ഗോപിനാഥ്, കെ. അനു നന്ദ, സി. പ്രണവ്, പി. അനു ദേവ, മിലിന്‍ ജോഷ്, ഹൃദ്യ എന്നീ വിദ്യാര്‍ത്ഥികള്‍ കക്കാടിന്റെ കവിതകള്‍ അവതരിപ്പിച്ചു. മാട്ടനോട് എയുപി സ്‌കൂള്‍ അധ്യാപിക രന്യമനിലിന്റെ നേതൃത്യത്തില്‍ സഫലമീ യാത്ര എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം നടന്നു. കുട്ടികളും അധ്യാപകരും വീട് സന്ദര്‍ശിച്ചു.
Awakening the memory of the land with success; N.N. Kakkad Remembrance