---
title: "പേരാമ്പ്രയില്‍ സമരം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പിടിഎ ഭാരവാഹികള്‍ മര്‍ദ്ദിച്ചതായി പരാതി "
english_title: "Complaint that PTA office bearers beat KSU workers who were on strike in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214826/complaint-that-pta-office-bearers-beat-ksu-workers-who-were-on-strike-in-perambra"
published_at: "2024-06-25T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a7e85c216c_ksu.jpg"
keywords: []
---

# പേരാമ്പ്രയില്‍ സമരം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പിടിഎ ഭാരവാഹികള്‍ മര്‍ദ്ദിച്ചതായി പരാതി 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്രയില്‍ സമരം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പിടിഎ ഭാരവാഹികള്‍ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്ര ഗവ. യുപി സ്‌കൂളിലാണ് സംഭവം.

## Article Content

പേരാമ്പ്ര: പേരാമ്പ്രയില്‍ സമരം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പിടിഎ ഭാരവാഹികള്‍ മര്‍ദ്ദിച്ചതായി പരാതി. പേരാമ്പ്ര ഗവ. യുപി സ്‌കൂളിലാണ് സംഭവം.

കെഎസ്‌യു സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പേരാമ്പ്ര ജിയുപി സ്‌കൂളിലെത്തിയ കെഎസ്‌യു ജില്ല സെക്രട്ടറി ആദില്‍ മുണ്ടിയത്ത് (25), പേരാമ്പ്ര മണ്ഡലം സെക്രട്ടറി കെ. ഷിബിന്‍ നാഥ് (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

**

കാലത്ത് 8 മണി മുതല്‍ സ്‌കൂളിലെത്തി പഠിപ്പ് മുടക്കിന്റെ കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചിട്ടും സ്‌ക്കൂള്‍ വിടാന്‍ തയ്യാറായില്ലെന്നും 10 മണിയോടെ പ്രധാനാധ്യാപകന്‍ എത്തി ചര്‍ച്ച നടത്തിയിട്ടും സ്‌കൂള്‍ വിട്ടില്ലെന്നും തുടര്‍ന്ന് പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയുമായിരുന്നെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ സ്‌ക്കൂള്‍ വിടില്ലെന്ന് പറഞ്ഞില്ലെന്നും വളരെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നതെന്നും ഇവരുടെ രക്ഷിതാക്കളെ അറിയിക്കാനും ഭക്ഷണം നല്‍കാനുമുള്ള സമയം തരണമെന്നും 12 മണിയോടെ ഭക്ഷണം നല്‍കിയ ശേഷം വിടാമെന്ന് പറഞ്ഞിട്ടും സമരക്കാര്‍ സമ്മതിച്ചില്ലെന്നും പിടിഎ പ്രസിഡന്റ് അറിയിച്ചു.

പഠിപ്പ് മുടക്കിന് രേഖാമൂലമുള്ള അറിയിപ്പ് നല്‍കാതെയാണ് സമരക്കാര്‍ സ്‌കൂള്‍ വിടാന്‍ ആവശ്യപ്പെട്ടതെന്നും തങ്ങളുടെയും രക്ഷിതാക്കളുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ ബോധ്യപ്പെടാനോ സമരക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനാധ്യാപകനോട് ക്ഷോഭിച്ച് സംസാരിച്ച ഇവര്‍ ഓഫീസിന്റെ വാതില്‍ അടക്കാനുള്ള ശ്രമം തടയുക മാത്രമാണ് ചെയ്തതെന്നും പിടിഎ പ്രസിഡന്റ് ട്രൂ വിഷനോട് പറഞ്ഞു.**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214826/complaint-that-pta-office-bearers-beat-ksu-workers-who-were-on-strike-in-perambra)