പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും രോഗവ്യാപനം ഉണ്ടായ ഉറവിടംപുറത്ത് വിടാതെ ആരോഗ്യ വകുപ്പ് ഒളിച്ച് കളിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനന്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെ ബിജെപി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി കടിയങ്ങാട് ഹെല്‍ത്ത് സെന്റര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സകൂളിന്റെ സമീപത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് രോഗം പടരാന്‍ ഇടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് അനൗദ്യോഗികമായി പറയുന്നത് ചിലരെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും ഉറവിടം വ്യക്തമാക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാവണമെന്നും, ആരോഗ്യ മന്ത്രി സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാരുടെയും, വിദ്യാര്‍ത്ഥികളുടെയും ആശങ്ക അകറ്റി രോഗം സ്ഥിതീകരിച്ച മുഴുവന്‍ ആളുകളുടേയും ചികിത്സ സൗജന്യമാക്കണമെന്നും അദേഹം പറഞ്ഞു.
സ്‌കൂളിലെ ഇരുന്നൂറ്റി അന്‍പതില്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിതികരിച്ചിട്ടും ഒരു സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ക്കാതെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് രോഗവ്യാപനം കൂടുതലാകുമെന്നും അദ്ദേഹം പറഞ്ഞു.
ലൈജു വേലായുധന്‍ അധ്യക്ഷത വഹിച്ചു. ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ്, ജില്ലാ കമ്മിറ്റി അംഗം കെ.കെ രജീഷ്, ഇല്ലത്ത് മോഹനന്‍, ജുബിന്‍ ബാലകൃഷ്ണന്‍, സി.കെ ലീല, എന്‍. ഇ ചന്ദ്രന്‍, സി.കെ ശ്രീജിഷ് , എന്‍ എം രവീന്ദ്രന്‍, രവി കന്നാട്ടി, ചന്ദ്രന്‍ ചക്കുളങ്ങര, സി. പ്രതീപന്‍ എന്നിവര്‍ പ്രസംഗിച്ചു. വിഷ്ണു അരീകണ്ടി, കെ ശ്രീധരന്‍, സി.കെ രവീന്ദ്രന്‍, ബാലകൃഷ്ണന്‍ കാട്ട് കണ്ടി, എന്നിവര്‍ നേതൃത്ത്വം നല്‍കി.
Prevalence of jaundice; Health department should stop playing hide and seek: BJP