---
title: "മഞ്ഞപ്പിത്ത രോഗ വ്യാപനം; വടക്കുമ്പാട് സ്‌കൂളിലേക്ക് മുസ്ലിം ലീഗ് മാര്‍ച്ച് നടത്തി "
english_title: "Prevalence of jaundice; The Muslim League marched to the school in vadakkumbad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238336/prevalence-of-jaundice-the-muslim-league-marched-to-the-school-in-vadakkumbad"
published_at: "2024-09-26T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f5a5840ac07_muslim.JPG"
keywords: []
---

# മഞ്ഞപ്പിത്ത രോഗ വ്യാപനം; വടക്കുമ്പാട് സ്‌കൂളിലേക്ക് മുസ്ലിം ലീഗ് മാര്‍ച്ച് നടത്തി 

> **Lead Summary:** **കടിയങ്ങാട്: **വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ മുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചിട്ടും, രോഗത്തിന്റെ ഉറവിടമോ, വ്യാപനത്തിന്റെ കാരണമോ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയില്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

## Article Content

**കടിയങ്ങാട്: **വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ മുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചിട്ടും, രോഗത്തിന്റെ ഉറവിടമോ, വ്യാപനത്തിന്റെ കാരണമോ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയില്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിനനുസരിച്ച് ആവശ്യത്തിന് ശുചിമുറികള്‍ ഇല്ലാത്തതും ഉള്ള ശുചിമുറികള്‍ വൃത്തിഹീനവും ആയത് രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ട് എന്ന രക്ഷിതാക്കളുടെ പരാതി സ്‌കൂള്‍ അധികൃതര്‍ ഗൗരവത്തില്‍ എടുക്കുന്നില്ല. സ്‌കൂളിലെ കിണര്‍ വെള്ളം പരിശോധിച്ചതില്‍ തകരാറുകള്‍ കണ്ടെത്തിയില്ല എന്ന് പ്രചരിപ്പിച്ച് കൈ കഴുകുന്നതിന് പകരം സ്‌കൂള്‍ അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ രോഗ വ്യാപനം തടയാമായിരുന്നു.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധയേറ്റ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗയോഗ്യമായ ശുചിമുറികള്‍ വളരെ കുറവാണ്. ഈ വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആരോഗ്യവകുപ്പും കാണിക്കുന്ന ജാഗ്രതക്കുറവ് ഏറെ അപകടകരമാണെന്നും അവര്‍ പറഞ്ഞു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആനേരി നസീര്‍ അധ്യക്ഷത വഹിച്ചു. മൂസ കോത്തമ്പ്ര, അസീസ് നരിക്കലക്കണ്ടി, എ.പി അബ്ദുറഹ്‌മാന്‍, ശിഹാബ് കന്നാട്ടി, വഹീദ പാറേമ്മല്‍, സഫിയ പടിഞ്ഞാറയില്‍, സിദ്ദീഖ് തൊണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238336/prevalence-of-jaundice-the-muslim-league-marched-to-the-school-in-vadakkumbad)