---
title: "പണയം വച്ച സ്വര്‍ണം തിരിച്ചു കിട്ടിയില്ല ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തി "
english_title: "He did not get back the gold that he had pledged, so he staged a sit-in at the bank at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215249/he-did-not-get-back-the-gold-that-he-had-pledged-so-he-staged-a-sit-in-at-the-bank-at-perambra"
published_at: "2024-06-26T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c57d6d4b9e_bank.JPG"
keywords: []
---

# പണയം വച്ച സ്വര്‍ണം തിരിച്ചു കിട്ടിയില്ല ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തി 

> **Lead Summary:** **പേരാമ്പ്ര :** പണയം വച്ച സ്വര്‍ണം തിരിച്ചു കിട്ടിയില്ല പണയം വച്ച ആള്‍ ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തി.

## Article Content

**പേരാമ്പ്ര :** പണയം വച്ച സ്വര്‍ണം തിരിച്ചു കിട്ടിയില്ല പണയം വച്ച ആള്‍ ബാങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തി.

പേരാമ്പ്ര റീജനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മാര്‍ക്കറ്റ് ശാഖയില്‍ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ പണം അടച്ച് 3 ദിവസം കഴിഞ്ഞിട്ടും സ്വര്‍ണം കിട്ടാതായതോടെയാണ് പേരാമ്പ്ര പിലാത്തോട്ടത്തില്‍ താമസിക്കുന്ന തളിച്ചാംകുളത്ത് പ്രകാശന്‍ ബാങ്ക് ശാഖയില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

42 ഗ്രാം വരുന്ന ഭാര്യയുടെ താലി മാലയാണ് പ്രകാശന്‍ 90000 രൂപയ്ക്ക് ജൂണ്‍ 20 ന് വളരെ അത്യാവശ്യത്തിന് വേണ്ടി പണയം വച്ചത്. 22ന് സ്വര്‍ണം എടുക്കാന്‍ പണം അടച്ച ശേഷമാണ് സ്വര്‍ണം തരില്ലെന്ന് ബാങ്ക് അധികാരികള്‍ പറഞ്ഞത്.

പലരെയും ബന്ധപ്പെട്ടെങ്കിലും ഒന്നും നടക്കാതെ വന്നതോടെയാണ് 4 ദിവസത്തിന് ശേഷം സമരം നടത്താന്‍ തയാറായത്. തന്റെ സ്വര്‍ണം ബാങ്ക് അധികാരികള്‍ എന്ത് ചെയ്തു എന്ന് അറിയില്ലെന്നും ബാങ്കില്‍ ഉള്ളതായി കാണിക്കാന്‍ തയാറായില്ലെന്നും പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാങ്കില്‍ നിന്നും എടുത്ത ഒരു ലോണുമായി ബന്ധപ്പെട്ട് കോടതിയല്‍ കേസ് നടക്കുന്നുണ്ട്. അതിന്റെ പണം കൃത്യമായി മാസാമാസം കോടതിയില്‍ അടയ്ക്കുന്നുണ്ട്. അത് പ്രകാരം ബാങ്കിന് പണയ സ്വര്‍ണം തടഞ്ഞു വയ്ക്കാന്‍ കഴിയില്ലെന്നുമാണ് പറയുന്നത്.

എന്നാല്‍ ലോണ്‍ കുടിശികയുള്ളതിനാല്‍ പണയ സ്വര്‍ണം തിരിച്ച് നല്‍കാന്‍ കഴിയില്ലെന്ന് ബാങ്ക് സെക്രട്ടറി പ്രകാശന് എഴുതി നല്‍കിയിട്ടുണ്ട്. സിപിഎം ഏരിയ സെക്രട്ടറി ഇടപെട്ട് നാളെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ സമരം തല്‍ക്കാലം അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215249/he-did-not-get-back-the-gold-that-he-had-pledged-so-he-staged-a-sit-in-at-the-bank-at-perambra)