പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക്. സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടി പന്തിരിക്കരയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പൊലീസ് സ്റ്റേഷനാണ് പുതിയ കെട്ടിടം പൂര്‍ത്തിയായിരിക്കുന്നത്.
സ്വന്തമായി കെട്ടിടമില്ലാത്ത ജില്ലയിലെ അപൂര്‍വ്വം സ്റ്റേഷനുകളില്‍ ഒന്നായിരുന്നു പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍. പെരുവണ്ണാമൂഴിയില്‍ ജലസേചന വകുപ്പിന്റെ കെട്ടിടത്തിലായിരുന്നു പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. കാലപഴക്കത്താല്‍ കെട്ടിടം അപകടാവസ്ഥയിലായതോടെ 16 വര്‍ഷം മുമ്പ് അവിടെ നിന്ന് പന്തിരിക്കരയിലെ വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു.
പൊലീസ് ഇന്‍സ്പക്ടര്‍, സബ്ബ് ഇന്‍സ്പക്ടര്‍ എന്നിവര്‍ ഉള്‍പ്പെടെ 35 ഉദ്യോഗസ്ഥര്‍ ജോലി ചെയ്തു വരുന്നത് ഈ കെട്ടിടത്തിലെ അസൗകര്യങ്ങള്‍ക്ക് നടുവിലാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലയിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നുമാണ് പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍. വയനാട് മലനിരകളോട് ചേര്‍ന്ന പ്രദേശമടങ്ങുന്നതാണ് പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ പരിധി.
നിലവില്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന പന്തിരിക്കര സ്റ്റേഷന്‍ പരിധിയുടെ ഒരറ്റത്തുമാണ്. പരിധിയിലെ മറ്റ് സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ അതിനാല്‍ തന്നെ കൂടുതല്‍ സമയമെടുക്കും.
പുതിയ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി സ്ഥലം വിട്ടുകിട്ടുന്നതിനായി നിരന്തര ശ്രമങ്ങള്‍ നടത്തിയതിന്റെ ഭാഗമായി ഒടുവില്‍ നിലവിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം എടുത്ത് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായാണ് സ്ഥലം അനുവദിച്ച് കിട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ ഒന്നര കോടി രൂപ അനുവദിച്ച് ഉത്തരവ് ഇറക്കിയതോടെ പുതിയ കെട്ടിടമെന്ന സ്വപ്നത്തിന് സാക്ഷാത്കാരമാവുകയായിരുന്നു.
സ്ഥലം ലഭ്യമായിട്ടും കടമ്പകളേറെ ഉണ്ടായിരുന്നു. നിര്‍ദ്ദിഷ്ട ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനും പാറക്കെട്ടുകള്‍ നീക്കം ചെയ്യുന്നതിനും ഗ്രാമപഞ്ചായത്ത് ഇടപെട്ട് പരിഹാരം ഉണ്ടാക്കിയതോടെയാണ് പ്രവര്‍ത്തി ആരംഭിക്കാനായത്.
2022 നവംബര്‍ 19 ന് പെരുവണ്ണാമൂഴിയില്‍ കുറ്റ്യാടി ജലസേചന പദ്ധതി അണക്കെട്ടിന് മുന്‍വശത്തായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ തറക്കല്ല് ഇട്ടു.
19 മാസക്കാലം കൊണ്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞു. ചുറ്റുമതിന്റെ പണി കൂടി പൂര്‍ത്തിയാവനുണ്ട്. അതിന് ശേഷമേ ഉദ്ഘാടനം നടത്താന്‍ കഴിയുകയുള്ളൂ.
ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 1 കോടി 65 ലക്ഷം രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. തുക അനുവദിച്ച് കിട്ടിയാല്‍ ഉടന്‍ പ്രവര്‍ത്തി നടത്തി പുതിയ കെട്ടിടം നാടിനായി സമര്‍പ്പിക്കും.
Peruvannamoozhi Police Station to new building