പേരാമ്പ്ര : കൂത്താളി ഗ്രാമ പഞ്ചായത്തില്‍ അനധികൃത നിയമനം നടത്തി എന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്നും ഇറങ്ങിപോക്ക് നടത്തി.
ഗ്രാമപഞ്ചായത്തില്‍ ഒഴിവ് വന്ന സീപ്പര്‍ തസ്തികയിലേക്ക് ഭരണസമിതി അംഗങ്ങള്‍ പോലും അറിയാതെ പിന്‍വാതില്‍ നിയമനം നടത്തി എന്നാരോപിച്ചാണ് അംഗങ്ങള്‍ ഇറങ്ങിപോക്ക് നടത്തിയത്.
യോഗത്തില്‍ നിന്നും ഇറങ്ങിപോക്ക് നടത്തിയ അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
പ്രതിഷേധ പരിപാടി പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ രാജന്‍.കെ. പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തില്‍ സീപ്പര്‍ തസ്തികയില്‍ ഉണ്ടായിട്ടുള്ള ഒഴിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിച്ച് നിയമനം നടത്തുന്നതിന് പകരം സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് ഇവിടെ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
പിന്‍വാതില്‍ നിയമനം പിന്‍വലിക്കുന്നത് വരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ട് പോവുവെന്നും യുഡിഎഫ് ചെയര്‍മാന്‍ അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി.കെ. ജമാല്‍ അധ്യക്ഷത വഹിച്ചു.
മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. രാധാകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിജു പുല്ല്യോട്ട്, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അസീസ് പുതിയോട്ടില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ആയിഷ, ബിനോയ് ശ്രീനിവാസ്, കെ.വി. രാഗിത എന്നിവര്‍ സംസാരിച്ചു.
എംപ്ലോയ്മെന്റില്‍ നിന്നും സീപ്പര്‍ തസ്തികയിലേക്ക് നിയമനം ഉണ്ടാകുന്നതു വരെ പഞ്ചായത്തിലെ ശുചീകരണം നടക്കുന്നതിനായി താല്ക്കാലികമായി നടത്തിയ നിയമനമാണെന്നും ഓഫീസില്‍ നിത്യേന ശുചീകരണം നടത്തേണ്ടത് അനിവാര്യമായതിനാലാണ് തല്‍ക്കാലത്തേക്ക് ഒരാളെ വച്ചതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
UDF members marched in Koothali gram panchayath