---
title: "തോട്ടത്താംകണ്ടി പാലം ജൂലായ് ഏഴിന് നാടിന് സമര്‍പ്പിക്കും"
english_title: "Thottathamkandi bridge will be dedicated to the nation on July 7"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216000/thottathamkandi-bridge-will-be-dedicated-to-the-nation-on-july-7"
published_at: "2024-06-29T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തോട്ടത്താംകണ്ടി പാലം ജൂലായ് ഏഴിന് നാടിന് സമര്‍പ്പിക്കും

> **Lead Summary:**  **പേരാമ്പ്ര : **ചങ്ങരോത്ത് മരുതോങ്കര ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തോട്ടത്താംകണ്ടി പാലം ഉദ്ഘാടനം ജൂലൈ ഏഴിന്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തോട്ടത്താംകണ്ടിയേയും നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ ചീനവേലിയേയും ബന്ധിപ്പിക്കുന്നതാണ് തോട്ടത്താംങ്കണ്ടി പാലം.

## Article Content

 **പേരാമ്പ്ര : **ചങ്ങരോത്ത് മരുതോങ്കര ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തോട്ടത്താംകണ്ടി പാലം ഉദ്ഘാടനം ജൂലൈ ഏഴിന്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തോട്ടത്താംകണ്ടിയേയും നാദാപുരം നിയോജക മണ്ഡലത്തിലെ മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ ചീനവേലിയേയും ബന്ധിപ്പിക്കുന്നതാണ് തോട്ടത്താംങ്കണ്ടി പാലം.

സംസ്ഥാന സര്‍ക്കാര്‍ 9.20 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 2022 ജനുവരി പണി ആരംഭിച്ച പാലത്തിന്റെ പ്രവര്‍ത്തി രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കഴിഞ്ഞു. 11 മീറ്റര്‍ വീതിയുള്ള പാലത്തിന് 117 മീറ്റര്‍ നീളവുമുണ്ട്. കുറ്റ്യാടി പുഴയ്ക്ക് കുറുകെ 5 സ്പാനുകളായാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇരുഭാഗങ്ങളിലുമായി 660 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡിന്റെയും പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പുഴയുടെ ഇരുഭാഗത്തുമുള്ള ജനങ്ങളുടെ വളരെ കാലത്തെ സ്വപ്‌നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. പേരാമ്പ്ര, കടിയങ്ങാട് ഭാഗങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ മരുതോങ്കര, തൊട്ടില്‍പ്പാലം, കുണ്ടുതോട് ഭാഗങ്ങളിലും മരുതോങ്കര, മുള്ളന്‍കുന്ന് ഭാഗങ്ങളിലുള്ളവര്‍ക്ക് പാലേരി, പേരാമ്പ്ര, വടകര ഭാഗങ്ങളിലും എത്തിച്ചേരാന്‍ പുതിയ പാലം ഏറെ പ്രയോജനപ്പെടും.

മുന്‍ മന്ത്രിയും പേരാമ്പ്ര എംഎല്‍എയുമായ ടി.പി രാമകൃഷ്ണന്റെ ശ്രമഫലമായാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജൂലായ് 7 ന് വൈകീട്ട് നാല് മണിക്ക് ഉത്സവാന്തരീക്ഷത്തില്‍ തോട്ടത്താംകണ്ടിയില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍ എംപി, എംഎല്‍എമാരായ ഇ.കെ വിജയന്‍, കെ.പി കുഞ്ഞമ്മദ്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216000/thottathamkandi-bridge-will-be-dedicated-to-the-nation-on-july-7)