---
title: "ഇന്ധനചോര്‍ച്ച; പെട്രോള്‍പമ്പ് അടച്ചുപൂട്ടി "
english_title: "fuel leak; The petrol pump was closed at ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216298/fuel-leak-the-petrol-pump-was-closed-at-ulliyeri"
published_at: "2024-06-30T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66816dcb2849b_pumb.JPG"
keywords: []
---

# ഇന്ധനചോര്‍ച്ച; പെട്രോള്‍പമ്പ് അടച്ചുപൂട്ടി 

> **Lead Summary:** **പേരാമ്പ്ര: **ഉള്ള്യേരി റോഡില്‍ സെന്റ് ഫ്രാന്‍സിസ് പള്ളിക്ക് സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പ് ടാങ്ക് ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചുപൂട്ടി.

## Article Content

**പേരാമ്പ്ര: **ഉള്ള്യേരി റോഡില്‍ സെന്റ് ഫ്രാന്‍സിസ് പള്ളിക്ക് സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്പ് ടാങ്ക് ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചുപൂട്ടി.

ഇന്ധനം ചോര്‍ന്നത് കാരണം പരിസരപ്രദേശങ്ങളിലെ കിണറുകളും കുടിവെള്ള സ്രോതസ്സുകളും മലിനമായിരിക്കുകയാണ്. ഇതോടെ പെട്രോള്‍ പമ്പിന്റെ പരിസരത്തുള്ള വീടുകളിലെ കുടിവെള്ളം മുട്ടി.

ജല ലഭ്യതയില്ലാതായതോടെ ജനജീവിതം ദുസ്സഹമായി മാറി. സമീപത്തെ വയലുകളും ഇന്ധനം കലര്‍ന്ന് മലിനമായിട്ടുണ്ട്. വെള്ളത്തില്‍ ഇന്ധനം കലര്‍ന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ പരിസരവാസികള്‍ പരിഭ്രാന്തിയിലാണ്.

വായുവിലും വെള്ളത്തിലും പെട്രോള്‍ ഗന്ധം ഉണ്ട്. പരിസരവാസികളില്‍ ചിലരില്‍ തലവേദന, തലകറക്കം, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

ചോര്‍ച്ച തടയാനും, പ്രദേശവാസികളുടെ ആരോഗ്യവും കുടിവെള്ള ലഭ്യതയും സുരക്ഷയും ഉറപ്പാക്കാനും അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രദേശവാസികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216298/fuel-leak-the-petrol-pump-was-closed-at-ulliyeri)