ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ പഞ്ചായത്ത് ഭരണ സമിതി വ്യാജരേഖ സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
ഗ്രാമപഞ്ചായത്ത് ഡ്രൈവറായിരുന്ന കെ.എം ദിജേഷിനെ പിഎസ്സി നിയമനം വരുന്നത് വരെ പിരിച്ചു വിടരുത് എന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെ അപ്പീല്‍ പോവാന്‍ 2023 സപ്തര്‍14 ലെ ഭരണസമിതി യോഗമാണ് തീരുമാനിച്ചത്.
15 അംഗ ഭരണസമിതിയില്‍ 7 പേരുടെ വിയോജന കുറിപ്പോടെയായിരുന്നു തീരുമാനം. മാത്രമല്ല അപ്പീല്‍ പോവുന്നത് ഒഴിവാക്കണമെന്ന് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന വി.വി രാജീവന്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് അപ്പീലില്‍ 2023 ആഗസ്ത് 9 ന് പഞ്ചായത്തില്‍ നിന്നും വിടുതല്‍ ചെയ്ത സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന സന്ദീപ് ഒപ്പിട്ട സത്യവാങ്ങ്മൂലമാണ് സമര്‍പ്പിച്ചത്.
വ്യാജരേഖയുമായി ബന്ധപ്പെട്ട് കെ.എം ദിജേഷും ഒന്‍പതാം വാര്‍ഡ് മെമ്പറും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.പി ബിജുവും മുഖ്യമന്ത്രിക്കും തദ്ധേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് ഡയരക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വകുപ്പ്തല അന്വേഷണത്തില്‍ ഹൈക്കോടതിയില്‍ പഞ്ചായത്ത് ഭരണസമിതി സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് കണ്ടെത്തി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറുകയും അന്വേഷണം നടന്നുവരികയും ചെയ്യുന്നുണ്ട്. തദ്ധേശസ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് ഡയരക്ടറുടെ നിര്‍ദ്ദേശപ്രകാരം വ്യാജ ഒപ്പ് രേഖപ്പെടുത്തി ഹൈക്കോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ചതായി വ്യക്തമായ സാഹചര്യത്തില്‍ വ്യാജ ഒപ്പ് രേഖപ്പെടുത്താന്‍ ഉണ്ടായ സാഹചര്യവും ആയതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികള്‍ ആരെന്ന് കണ്ടെത്തുന്നതിനും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുമേഷിന്റെ പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസ് 376/24 നമ്പര്‍ പ്രകാരം എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് അപ്പീലില്‍ തനിക്ക് നേരിട്ടറിയാവുന്ന ഒന്നാം കക്ഷിയായ സന്ദീപും രണ്ടാം കക്ഷിയായ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തും 8/8/23 തിയ്യതിയില്‍ തന്റെ ഏറണാകുളം ഓഫീസില്‍ തന്റെ മുമ്പില്‍ വെച്ച് ഒപ്പുവെച്ചു എന്നാണ് അഡ്വ: സി വല്‍സന്‍ കൗണ്ടര്‍ സൈന്‍ ചെയ്തിരിക്കുന്നത്.
ഒന്നാം കക്ഷിയായ സന്ദീപിന്റെ ഒപ്പ് വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം കക്ഷിയായ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്തും അഡ്വ : സി വല്‍സനും പ്രതികളാവുമെന്നാണ് സൂചന.
Cheruvannur gram panchayat driver appointment: Inquiry started