പേരാമ്പ്ര : ചെറുവണ്ണൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറി വര്‍ക്‌സില്‍ കവര്‍ച്ച. സ്വര്‍ണ്ണവും വെള്ളിയും കവര്‍ന്നു. പേരാമ്പ്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന പവിത്രം ജ്വല്ലറി വര്‍ക്‌സിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്.
ഷോപ്പിന്റെ പുറക് വശത്തെ ചുമര്‍ തുരന്നാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ചെറുവണ്ണൂര്‍ സ്വദേശി പിലാറത്ത് താഴ വിനോദന്റെതാണ് സ്ഥാപനം. അമ്മമ്മയുടെ മരണത്തെ തുടര്‍ന്ന് ഇന്നലെ 5.30 ഓടെ ഇയാള്‍ കട അടച്ച് പോയതാണ്. കാലത്ത് അടുത്തുള്ള ഷോപ്പുടമ മെയിന്‍ സ്വിച്ച് ഓണാക്കാനായി കെട്ടിടത്തിന്റെ പുറകില്‍ പോയപ്പോഴാണ് മണ്ണ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ചുമര്‍ തുരന്നതായി കാണുന്നത്.
ഇയാളാണ് വിനോദിനെ വിവരം അറിയിക്കുന്നത്. വിനോദെത്തി ഷട്ടര്‍ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ സേഫ് തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
250 ഗ്രാം സ്വര്‍ണ്ണവും 5 കിലോഗ്രാമോളം വെള്ളിയുമാണ് നഷ്ടപ്പെട്ടത്. ജ്വല്ലറികളിലേക്കും ആളുകള്‍ ഓര്‍ഡര്‍ നല്‍കുന്നതനുസരിച്ചും ആഭരണങ്ങള്‍ ഉണ്ടാക്കി നല്‍കുകയാണിവിടെ. പുതുതായി നിര്‍മ്മിച്ചവയും റിപ്പയറീംഗിനായി ലഭിച്ചവയുമായ ആഭരണങ്ങളാണ് മോഷണം പോയത്. കുറച്ച് പഴയ വെള്ളിയാഭണങ്ങള്‍ ജ്വല്ലറിയില്‍ തന്നെ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.
സമീപത്തെ ഫാന്‍സിക്കടയില്‍ സിസിടിവി ഉണ്ടെങ്കിലും അത് പ്രവര്‍ത്തനക്ഷമമല്ല. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. പേരാമ്പ്ര ഡിവൈഎസ്പി കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പേരാമ്പ്രയില്‍ നിന്ന് ഡോഗ് സ്‌ക്വാഡും, വടകര നിന്ന് വിരളടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
Robbery at jewelery works in Cheruvannur