മേപ്പയ്യൂര്‍: കള്ളകര്‍ക്കിടകത്തിനെ വരവേറ്റ് മലയാളികള്‍. പഴയകാലത്ത് പഞ്ഞമാസമെന്ന് അറിയപ്പെട്ടിരുന്ന കര്‍ക്കിടകം തോരാത്ത മഴയുടെ കറുത്ത ദിനങ്ങളും വറുതിയുടെ നാളുകളുമായിരുന്നു. അടുത്ത വര്‍ഷം അതായത് ചിങ്ങം മുതല്‍ സമൃദ്ധിയുടെ നാളുകളാവാന്‍ വേണ്ടിയുള്ള ആചാര വിശ്വാസമാണ് കലിയനെ പ്രീതിപ്പെടുത്തുക എന്നത്.
പഴമക്കാര്‍ കലിയന് വിരുന്നൊരുക്കി കാത്തിരിക്കുന്ന ചടങ്ങ് നിലനിന്നിരുന്നു. കര്‍ക്കിടകം തുടങ്ങുന്നതിന് തൊട്ടുമുന്‍പത്തെ ദിവസമാണ് കലിയനെ വിളിച്ച് വരവേല്‍ക്കുന്നത്. ചില ഗ്രാമങ്ങളില്‍ ഇന്നും ഈ ആചാരം തുടര്‍ന്ന് പോരുന്നു. മലബാറില്‍ പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലാണ് ഇത്തരം ചടങ്ങുകള്‍ കൂടുതലായി കാണപ്പെട്ടിരുന്നത്.
വിളയാട്ടൂര്‍ മൂട്ടപ്പറമ്പ് നിവാസികള്‍ ഇത്തവണയും ഉത്സവ അന്തരീക്ഷത്തില്‍ കലിയനെ വരവേറ്റു. ചക്കയും മാങ്ങയും തേങ്ങയും ചോറും ചുവന്ന ഗുരുതിയും കറുത്ത ഗുരുതിയും ആലയും കൂടയും ഏണിയും കോണിയും സമീപത്തെ പ്ലാവിന് ചുവട്ടില്‍ സംഘാടകര്‍ ഒരുക്കിയിരുന്നു. ചാപ്പ കെട്ടിയും ഓലച്ചൂട്ട് കത്തിച്ചും മേളത്തിന്റെയും അകമ്പടിയോടും കൂടി ഘോഷയാത്രയായാണ് കലിയനെ വരവേറ്റത്.
പരിപാടിക്ക് കൂനിയത്ത് നാരായണന്‍ കിടാവ്, സുനില്‍ ഓടയില്‍, ശിവദാസ് ശിവപുരി, എം.പി കേളപ്പന്‍, പി.സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, പി.സി. നാരായണന്‍ നമ്പ്യാര്‍, ഫൈസല്‍ മുറിച്ചാണ്ടി, സി. കുഞ്ഞിരാമന്‍, പി.കെ. സുധാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പായസ വിതരണവും നടന്നു.
Residents of Moottaparamb welcomed Kaliyan