പാലേരി: പാലേരിയില്‍ കഴിഞ്ഞ 2 വര്‍ഷക്കാലമായി ജീവകാരുണ്യ രംഗത്ത് സുത്യര്‍ഹമായ സേവനം നടത്തി വരുന്ന ജനകീയ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പുതിയ കെട്ടിടം ജൂലായ് 25 വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പ്രദേശത്തെ ഒരു കൂട്ടം പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ചേര്‍ന്ന ജനകീയം ചാരിറ്റബ്ള്‍ ട്രസ്റ്റിന് കീഴില്‍ മാവിലാട്ട് അബ്ദുള്ളഹാജിയുടെ സ്മരണാര്‍ത്ഥം രൂപം നല്‍കിയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ നിലവിലെ വാടക കെട്ടിടത്തില്‍ നിന്നും സ്വന്തം ബഹുനില കെട്ടിടത്തിലേക്ക് മാറുകയാണ്.
നാട്ടിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കും കിടപ്പുരോഗികള്‍ക്കും കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ജനകീയ പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ഫിയോസറാപ്പി, ലാബോറട്ടറി, ഹോം കെയര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഇവിടെ ഈ സേവനങ്ങള്‍ ലഭ്യമാവുന്നത് വളരെ ആശ്വാസകരമാണ്.
2 പാലിയേറ്റീവ് നേഴ്സുമാരുടെയും 2 ലാബ് ടെക്നീഷ്യന്മാരുടെ 1 ഫിസിയോ തറാപ്പിസ്റ്റിന്റെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. നിരവധി കിടപ്പു രോഗികള്‍ക്ക് സാന്ത്വനവുമായി ജനകീയ പാലീയേറ്റീവിന്റെ കരങ്ങള്‍ അവരിലേക്ക് എത്തുന്നു. പാലേരി പുത്തന്‍ പള്ളിക്ക് സമീപം ഉദാരമതികളുടെ അകമഴിഞ്ഞ സഹായത്താല്‍ നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം വ്യാഴാഴ്ച സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നാടിന് സമര്‍പ്പിക്കും.
ആധുനിക സജ്ജീകരണങ്ങളോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ലാബ് വടകര എംപി ഷാഫി പറമ്പിലും ഫിസിയോ തെറാപ്പി പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ യും നിര്‍വ്വഹിക്കും.
പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷിജ ശശി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പാലിയേറ്റീവ് കെയറിന് ലഭിക്കുന്ന പുതിയ വാഹനവും ചടങ്ങില്‍ കൈമാറും. ഒരു നാടിന്റെ നന്മയുടെ ചുവട് വെപ്പായി മാറുകയാണ് ജനകീയ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ആസ്ഥാന മന്ദിര ഉദ്ഘാടനം.
വാര്‍ത്ത സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, പാലിയേറ്റീവ് കെയര്‍ സെന്റര്‍ ചെയര്‍മാന്‍ മേനിക്കണ്ടി അബ്ദുള്ള, സംഘാടക സമിതി കണ്‍വീനര്‍ സയ്യിദ് അലി തങ്ങള്‍, സ്വാഗത സംഘം ട്രഷറര്‍ വി.പി. ഇബ്രാഹിം, എന്‍.എം. നസീര്‍, പി.കെ. മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.
Inauguration of the new building of Janikea Palliative Care Center on 25th July at paleri