പാലേരി: പാലേരിയില്‍ കഴിഞ്ഞ 2 വര്‍ഷക്കാലമായി ജീവകാരുണ്യ രംഗത്ത് സുത്യര്‍ഹമായ സേവനം നടത്തി വരുന്ന ജനകീയ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ നാളെ നടത്താനിരുന്ന പുതിയ കെട്ടിടം ഉദ്ഘാടനം മാറ്റിവെച്ചതായി പാലിയേറ്റീവ് കെയര്‍ സെന്റര്‍ ചെയര്‍മാന്‍ മേനിക്കണ്ടി അബ്ദുള്ള, സംഘാടക സമിതി ചെയർമാൻ ഉണ്ണി വേങ്ങേരി,കണ്‍വീനര്‍ സയ്യിദ് അലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
പ്രദേശത്തെ ഒരു കൂട്ടം പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ചേര്‍ന്ന ജനകീയം ചാരിറ്റബ്ള്‍ ട്രസ്റ്റിന് കീഴില്‍ മാവിലാട്ട് അബ്ദുള്ളഹാജിയുടെ സ്മരണാര്‍ത്ഥം രൂപം നല്‍കിയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ നിലവിലെ വാടക കെട്ടിടത്തില്‍ നിന്നും സ്വന്തം ബഹുനില കെട്ടിടത്തിലേക്ക് മാറുകയാണ്.
നാട്ടിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കും കിടപ്പുരോഗികള്‍ക്കും കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ജനകീയ പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ഫിയോസറാപ്പി, ലാബോറട്ടറി, ഹോം കെയര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഇവിടെ ഈ സേവനങ്ങള്‍ ലഭ്യമാവുന്നത് വളരെ ആശ്വാസകരമാണ്.
2 പാലിയേറ്റീവ് നേഴ്‌സുമാരുടെയും 2 ലാബ് ടെക്‌നീഷ്യന്മാരുടെ 1 ഫിസിയോ തറാപ്പിസ്റ്റിന്റെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. നിരവധി കിടപ്പു രോഗികള്‍ക്ക് സാന്ത്വനവുമായി ജനകീയ പാലീയേറ്റീവിന്റെ കരങ്ങള്‍ അവരിലേക്ക് എത്തുന്നു.
പാലേരി പുത്തന്‍ പള്ളിക്ക് സമീപം ഉദാരമതികളുടെ അകമഴിഞ്ഞ സഹായത്താല്‍ നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം നാളെ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നാടിന് സമര്‍പ്പിക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ മന്ത്രിയുടെ ആരോഗ്യപരമായ കാരണങ്ങളാലാണ് ചടങ്ങ് മാറ്റിവെച്ചത്.
Janakiya Palliative Care Center's new building inauguration postponed