---
title: "ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു "
english_title: "Many trees were uprooted by strong winds at chembra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/223035/many-trees-were-uprooted-by-strong-winds-at-chembra"
published_at: "2024-07-26T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a393f19e62f_maram2.JPG"
keywords: []
---

# ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു 

> **Lead Summary:** **പേരാമ്പ്ര** : ഇന്നലെ രാത്രയുണ്ടായ അതിശക്തമായ കാറ്റില്‍ ചെമ്പ്ര ഭാഗത്ത് നിരവധി മരങ്ങള്‍ കടപുഴകി വീണു. രാത്രി 12.45 ഓടെ ആഞ്ഞു വീശിയ കാറ്റിലാണ് മരങ്ങള്‍ വീണത്.

## Article Content

**പേരാമ്പ്ര** : ഇന്നലെ രാത്രയുണ്ടായ അതിശക്തമായ കാറ്റില്‍ ചെമ്പ്ര ഭാഗത്ത് നിരവധി മരങ്ങള്‍ കടപുഴകി വീണു. രാത്രി 12.45 ഓടെ ആഞ്ഞു വീശിയ കാറ്റിലാണ് മരങ്ങള്‍ വീണത്.

മഴ കനത്തതോടെ പതിവില്‍ നിന്ന് വ്യത്യസ്തമായി ചുഴലികാറ്റും രൂപപ്പെടുകയാണ്. ചെമ്പ്ര മണികുലുക്കിയില്‍ സത്യന്‍, മഞ്ഞകുന്നേല്‍ സിബി എന്നിവരുടെ വീട്ടിലാണ് മരങ്ങള്‍ വീണത്. രണ്ട് പേരുടെയും വീടുകള്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

സത്യന്റെ വീട്ടിന് സമീപമുള്ള പ്ലാവ്, അയനി, വീട്ടി എന്ന മരങ്ങളാണ് കാറ്റില്‍ നിലം പൊത്തിയത്. മൂത്ത് വിളവെടുക്കാറായ നിറയെ കായ്കളുള്ള റംബൂട്ടാന്‍ മരവും കാറ്റില്‍ പൊട്ടി വീണു. വന്‍ മരങ്ങളെല്ലാം പൊട്ടി വീണത് വീടിന് വളരെ സമീപത്താണ്. ചെറിയ വ്യത്യാസത്തിലാണ് വീടും വീട്ടുകാരും അത്ഭുതകരമായി രക്ഷപ്പെട്ടത്.

വീടിന് സമീപത്തായി തൊഴുത്തുമുണ്ട്. ഇതില്‍ ഗര്‍ഭിണിയടക്കം രണ്ട് പശുക്കളുമുണ്ടാതിരുന്നു. ഭാഗ്യത്തിന് തൊഴുത്തിന് മുകളിലും മരങ്ങളൊന്നും പതിച്ചില്ലെന്ന് സത്യന്‍ പറഞ്ഞു.

അധ്യാപകനായ സിബിയുടെ വീടിന് സമീപത്തേക്ക് അടുത്ത പറമ്പില്‍ നിന്നും പ്ലാവ് പൊട്ടി വീഴുകയായിരുന്നു. പ്ലാവിന്റെ ചില്ലകള്‍ വീടിന് മുകളില്‍ പതിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. രാത്രി തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ചില്ലകള്‍ വെട്ടിമാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/223035/many-trees-were-uprooted-by-strong-winds-at-chembra)