കായണ്ണ: നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പി.സി രാധാകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു. കായണ്ണയില്‍ സംഘടിപ്പിച്ച പരിപാടി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബലറാം ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് കടന്നുവന്ന പി.സി രാധാകൃഷ്ണന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രസക്തിയും കോണ്‍ഗ്രസിന്റെ പ്രസക്തിയും പൊതു രംഗത്ത് എത്തിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പൊതുപ്രവര്‍ത്തനത്തിന്റെയും ഭരണസാരഥ്യത്തിന്റെയും പദവികള്‍ മാറി മാറി വഹിച്ചപ്പോഴും ആദര്‍ശത്തിന്റെയും ആത്മവിശുദ്ധിയുടെയും പ്രകാശം കെടാതെ കാത്തു സൂക്ഷിച്ച അസാധാരണ പ്രതിഭയായിരുന്നു പി.സി രാധാകൃഷ്ണനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മഹിമ കാലം പിന്നിടുന്നതിനനുസരിച്ച് പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും അതിന്റെ ഉത്തമ ഉദാഹരണമാണ് ബഗ്ലാദേശിലും ശ്രീലങ്കയിലും അഫ്ഘാനിസ്ഥാനിലും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും പി.സി രധാകൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെപിസിസി അംഗം കെ. രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാംസ്‌കാരിക പ്രവര്‍ത്തകന്‍ രമേശ് കാവില്‍ 'ഗാന്ധി, നെഹ്‌റു വര്‍ത്തമാനകാല ഇന്ത്യ'എന്ന വിഷയത്തെ പറ്റി സംസാരിച്ചു.
കെപിസിസി അംഗം കെ.എം ഉമ്മര്‍, അഗസ്റ്റ്യന്‍ കാരക്കട, ഗണേഷ് ബാബു, പി. മുരളീധരന്‍ നമ്പൂതിരി, ഐപ്പ് വടക്കേത്തടം, കാവില്‍ പി. മാധവന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.പി ശ്രീധരന്‍ സ്വാഗതവും, ബ്ലോക്ക് സെക്രട്ടറി കെ.സി ബഷീര്‍ നന്ദിയും പറഞ്ഞു.
PC Radhakrishnan commemoration organized by Natuvannur Block Congress Committee