പേരാമ്പ്ര : കുറ്റ്യാടി ജല സേചന പദ്ധതിയുടെ മുളിയങ്ങല്‍ വാല്യക്കോട് കനാലില്‍ കാര്‍ കനാലിലേക്ക് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന ചെറിയ കുട്ടിയടക്കം നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12.15 ഓടെയാണ് സംഭവം.
പയ്യോളി അങ്ങാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കനാലിലേക്ക് മറിഞ്ഞത്. രാമല്ലൂര്‍ എകെജി സെന്ററിന് സമീപമാണ് അപകടം. കനാല്‍ ാേഡിന്റെ സൈഡിലുണ്ടായിരുന്ന ഗാര്‍ഡ് സ്‌റ്റോണ്‍ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് കാര്‍ കനാലിലേക്ക് മറിഞ്ഞത്. കനാലിൽ വെള്ളമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
കെഎല്‍ 18 വൈ 9996 ടാറ്റ ആആള്‍ട്രോസ് കാറാണ് അപകടത്തില്‍ പെട്ടത്. നിസാര പരുക്കേറ്റ മൂന്നു പേരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യോളിയില്‍ നിന്നും നരയംകുളത്തെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പയ്യോളി കൊടക്കാട്ട് ശ്രീനിവാസന്‍ (70), ഭാര്യ ജാനകി (58), മകന്‍ ശ്രീജേഷ് (37) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മൂവരുടെയും പരുക്ക് സാരമുള്ളതല്ല. ശ്രീജേഷിന്റെ മകളും കാറിലുണ്ടായിരുന്നെങ്കിലും പരുക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
Car overturns into canal at Ramallur; The passengers miraculously escaped