പേരാമ്പ്ര: സീതാറാം യെച്ചൂരി ഇനി ഇന്ത്യയുടെ ഹൃദയസരസ്സില്‍; കെ.വി. കുഞ്ഞിരാമന്‍ എഴുതുന്നു. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങളില്‍ നാലു പതിറ്റാണ്ടിലധികമായി നേതൃത്വപരമായ പങ്ക് വഹിച്ചുപോന്ന ബഹുമുഖ പ്രതിഭാശാലിയായിരുന്നു സഖാവ് സീതാറാം യെച്ചൂരി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അപചയങ്ങളും പാളിച്ചകളും യഥാസമയം തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കുന്നതില്‍ ചെറുപ്പത്തിലേ സീതാറാം മുന്നില്‍ നിന്നു. വിശ്വപ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരിക്കെ അടിയന്തരാവസ്ഥക്കെതിരേയുള്ള ചെറുത്തുനില്പിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
ഒളിവുജീവിതവും അറസ്റ്റും ജയില്‍ വാസവുമെല്ലാം സഹിച്ച് അടിമുടി വിപ്ലവകാരിയായി വളര്‍ന്ന ആ യുവാവ് സര്‍വപ്രതാപിയായ ഇന്ദിരാഗാന്ധിക്ക് മുമ്പില്‍പോലും പതറിയില്ല. ഏകാധിപത്യ വാഴ്ചക്കറുതി വരുത്താന്‍ അതിശക്തമായ സമരങ്ങള്‍ നയിച്ച എസ് എഫ് ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി അദ്ദേഹം ഉയര്‍ന്നു. ക്രമേണ ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും സി പി ഐ - എമ്മിന്റെയും നേതൃനിരയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച യുവസാന്നിധ്യമായി യെച്ചൂരി നിറഞ്ഞുനിന്നു.
ഏത് വിഷയത്തിലും ആഴത്തിലുള്ള അറിവും ആശയവ്യക്തതയും ചടുലമായ ഇടപെടല്‍ ശേഷിയും ആര്‍ജിച്ച ആ യുവാവിനെ മുതിര്‍ന്ന നേതാക്കളായ സുന്ദരയ്യയും ഇ എം എസും സുര്‍ജിത്തും ഉള്‍പ്പെടെയുള്ളവര്‍ നന്നായി പ്രോത്സാഹിപ്പിച്ചു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും യുവത്വത്തിലേ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഭിന്നാഭിപ്രായങ്ങളോടും വിയോജിപ്പുകളോടും അസഹിഷ്ണുത പുലര്‍ത്തുന്ന പ്രവണതയില്‍നിന്ന് അദ്ദേഹം വേറിട്ടുനിന്നു.
ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതില്‍ എന്നും ആ സമവായ ശൈലി തുണയായി. പശ്ചിമ ബംഗാളില്‍നിന്നുള്ള പ്രതിനിധിയായി രാജ്യസഭയിലെത്തി 12 വര്‍ഷം പാര്‍ലമെന്ററി രംഗത്തും മികവ് തെളിയിച്ചു. പുത്തന്‍ സാമ്പത്തിക നയം വിതയ്ക്കുന്ന കെടുതികള്‍ തുറന്നുകാട്ടി ജനങ്ങളെ സമരസജ്ജരാക്കുന്നതില്‍ യെച്ചൂരി സദാ ജാഗ്രത പുലര്‍ത്തി. തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള ബദല്‍ ആശ്വാസ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനും മുന്നിട്ടിറങ്ങി.
2015 ല്‍ സി പി ഐ - എം ജനറല്‍ സെക്രട്ടറിയായ യെച്ചൂരി പ്രതിപക്ഷ നേതൃനിരയില്‍ അദ്വിതീയനാണ്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും മതനിരപേക്ഷതയും ബഹുസ്വരതയും കാത്തുസൂക്ഷിക്കാനുള്ള കൂട്ടായ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സുപ്രധാന പങ്കാണ് അദ്ദേഹം നിര്‍വഹിച്ചുപോന്നത്. ബി ജെ പി യുടെ അതിരുവിട്ട അധികാര ഹുങ്കിന് നല്ലൊരളവോളം തടയിട്ട ഇന്ത്യാ മുന്നണിയുടെ മുന്നേറ്റത്തിന്റെ ശില്പികളില്‍ ഇത്രയും തലപ്പൊക്കമുള്ളവര്‍ വിരളമാണ്. രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി ഘട്ടങ്ങളില്‍ സൈദ്ധാന്തിക ശാഠ്യങ്ങള്‍ മറികടന്ന് പ്രതിപക്ഷഐക്യം സാധ്യമാക്കുന്നതില്‍ യെച്ചൂരി വഹിച്ച പങ്ക് എക്കാലവും ഓര്‍മിക്കപ്പെടും.
1989-ല്‍ വി പി സിംഗ് സര്‍ക്കാരിന് നല്‍കിയ ഇടതുപക്ഷ പിന്തുണ, 1996 ലെ ഐക്യമുന്നണി സര്‍ക്കാര്‍, 2004 ലെ യു പി എ ഭരണം എന്നീ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ യെച്ചൂരിയുടെ നയപരമായ പക്വതയും ഏകോപനശേഷിയും നന്നായി പ്രയോജനപ്പെട്ടു. കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകളില്ലാതെ അദ്ദേഹം നേതൃതലത്തില്‍ വളര്‍ത്തിക്കൊണ്ടുവന്ന വ്യക്തിബന്ധങ്ങള്‍ എടുത്തു പറയത്തക്കതാണ്. ഏത് സമയത്തും ആര്‍ക്കും സമീപിക്കാവുന്ന വലിയ മനുഷ്യപ്പറ്റുള്ള ആ നേതാവിന്റെ നഷ്ടം ഒരു വിധത്തിലും നികത്താനാവില്ല.
സഖാവ് സീതാറാം യെച്ചൂരി രാജ്യത്തിന് പൊതുവിലും ഇടതുപക്ഷ പ്രസ്ഥാനത്തിന് വിശേഷിച്ചും നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ദാര്‍ശനിക മേന്മയും പ്രയോഗചാതുരിയും വിളക്കിച്ചേര്‍ത്ത, ത്യാഗനിര്‍ഭരമായ ആ പ്രവര്‍ത്തന മാതൃകയ്ക്ക് മുമ്പില്‍ ഊഷ്മളമായ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. പ്രിയസഖാവിന്റെ അകാലവേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു
Yechury is now in India's hearts; KV Kunhiraman writes