പേരാമ്പ്ര: കഴിഞ്ഞ തിരുവോണ ദിവസം പേരാമ്പ്ര, ആവടുക്ക ഭാഗത്ത് ഭീതി സൃഷ്ടിച്ച കാട്ടാന 'കഴിഞ്ഞ കുറെ മാസങ്ങളായി കൂവ്വപ്പൊയില്‍, പട്ടാണിപ്പാറ ഭാഗത്ത് സ്ഥിരം സാന്നിദ്ധ്യമാണ്.
മോഴ വിഭാഗത്തില്‍ പെടുന്ന ഈ ഒറ്റയാന കൂവ്വപ്പൊയിലിനടുത്തുള്ള ഇരുത്തി കടവത്ത് ഭാഗത്തുള്ള വനത്തില്‍ നിന്നും ആഴമുള്ള ഭാഗത്തെ പുഴ മുറിച്ചു കടന്ന് ദിവസേനയെന്നോണം പട്ടാണിപ്പാറ ഭാഗത്തുവന്ന് വാഴകളും തെങ്ങിന്‍ തൈകളും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
തിരുവോണ ദിവസം മാത്രമാണ് പകല്‍ ഈ ആന ഇറങ്ങി ശ്രദ്ധാകേന്ദ്രമായത്. വനം വകുപ്പുദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആനയെ കാട്ടില്‍ കേറ്റിയതുകൊണ്ട് പ്രത്യേകിച്ച് വിശേഷമൊന്നുമില്ല. അടുത്ത ദിവസങ്ങളിലും ഈ ആന നാട്ടിലേക്ക് വന്ന് കൃഷിനശിപ്പിക്കും. ഇന്നലെയും ഈ ആന രാത്രി കാട്ടില്‍ നിന്നും പുഴ കടന്ന് കൂവ്വപ്പൊയിലിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു.
ഫോറസ്റ്റുദ്യോഗസ്ഥന്മാരുടെയും നാട്ടുകാരുടേയും അവസരോചിതമായ ഇടപെടല്‍ നടത്തി പടക്കം പൊട്ടിച്ച് ആനയെ തിരിച്ച് കാട്ടിലേക്ക് കയറ്റുകയായിരുന്നു. കാട്ടില്‍ കൊമ്പനാനകളുടെ ഉപദ്രവമേല്‍ക്കുന്ന ഈ മോഴയാന ഭാവിയില്‍ നാട്ടിലും കൂടുതല്‍ ഉപദ്രവകാരിയാവാനിടയുണ്ട്.
കൂവ്വപ്പൊയില്‍ ഭാഗത്തുള്ള നവീന ഫുട്‌ബോള്‍ ഗ്രൗണ്ട് മുതല്‍ പട്ടാണിപ്പാറ വരെയുള്ള മെയിന്‍ കനാലിനു സമാന്തരമായുള്ള മണ്‍ റോഡ് ഇപ്പോള്‍ ആനത്താരയായി മാറിയിരിക്കുകയാണ്.
ഈ വഴി രാത്രി കടന്നുവരുന്ന പ്രദേശവാസികള്‍ ഇക്കാരണത്താല്‍ ഭയപ്പാടിലാണ്. ആയതിനാല്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള വനം വകുപ്പാണെങ്കില്‍ ഈ ആനയെ മയക്കുവെടി വെച്ച് പിടിച്ച് നാട്ടാനയാക്കി മാറ്റി പരിചരണം കൊടുക്കണം. ഒരു കാരണവശാലും കാട്ടിലേക്ക് ഇതിനെ പറഞ്ഞുവിടരുത് എന്ന് കിസാന്‍ ജനത സംസ്ഥാന സമിതി അംഗം കെ.ജി രാമനാരായണന്‍ പറഞ്ഞു.
The constant presence of wild animals in the inhabited area has created terror in Perambra