പേരാമ്പ്ര: ചേര്‍മല കേവ് ടൂറിസം പദ്ധതി നിര്‍മ്മാണം തുടങ്ങിയെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥ. നിര്‍മാണ പ്രവൃത്തി തുടങ്ങി 18 മാസം കഴിഞ്ഞെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം ചേര്‍മല കുന്നിന് മുകളില്‍ 2.10 ഏക്കര്‍ സ്ഥലത്ത് ടൂറിസം വകുപ്പ് അനുവദിച്ച 3.72 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി തുടങ്ങിയത്. പേരാമ്പ്രക്ക് ഒരു വിനോദ സഞ്ചാര കേന്ദ്രം എന്നതാണ് പദ്ധതി. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ഗ്ലാസ് ബ്രിഡ്ജ്, ലാന്‍ഡ് സ്‌കേപിങ്, നടപ്പാതകള്‍, കഫ്റ്റീരിയ, ഉല്‍പന്ന വിപണന കേന്ദ്രം, കുടിവെള്ള സൗകര്യം ഒരുക്കല്‍, എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കല്‍, ശുചിമുറി, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍ എന്നിവ അടങ്ങുന്നതാണ് പദ്ധതി.
ചുറ്റുമതില്‍ നിര്‍മാണം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. ടിക്കറ്റ് കൗണ്ടര്‍ ശുചിമുറി, കഫ്റ്റീരിയ, വിപണന കേന്ദ്രം എന്നിവയുടെ നിര്‍മാണം പാതിവഴിയില്‍ നില്‍ക്കുകയാണ്. തറയില്‍ ചുമര്‍ കെട്ടി മേല്‍ക്കൂര ഓട് മേഞ്ഞെങ്കിലും മറ്റൊന്നും ചെയ്തിട്ടില്ല. ഗ്ലാസ് ബ്രിഡ്ജ് ഉണ്ടാക്കണമെങ്കില്‍ വീണ്ടും പണം വകയിരുത്തി സംവിധാനം ഒരുക്കണം. സര്‍ക്കാരിന് കീഴിലുള്ള കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.
ചേര്‍മലയിലെ പ്രസിദ്ധമായ നരിമഞ്ച ഗുഹയോട് ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ഗുഹയുടെ പ്രസിദ്ധിയും പ്രദേശത്തിന്റെ മനോഹാര്യതയുമാണ് പ്രദേശത്ത് ടൂറിസം പദ്ധതി നടപ്പാക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത്. ഗുഹയ്ക്ക് ഉള്ളില്‍ വര്‍ഷങ്ങളായി ആരും പ്രവേശിക്കാത്തത് കാരണം മണ്ണും ചെളിയും നിറഞ്ഞ് താറുമാറായി കിടക്കുന്ന അവസ്ഥയായിരുന്നു.
8 അടിയില്‍ കൂടുതല്‍ നീളം വരും ഗുഹയുടെ മുന്‍ഭാഗം ഇപ്പോള്‍ കാട് പിടിച്ച് കിടക്കുകയാണ്. ഒരാള്‍ക്ക് ഗുഹയില്‍ പ്രവേശിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നു ഗുഹയുടെ കവാടവും ഉള്‍ഭാഗവും. ഉള്ളില്‍ കടന്നാല്‍ പല ഭാഗത്തേക്കും നടന്നു പോകാന്‍ കഴിയും. വെളിച്ചം ഇല്ലാത്തതാണ് ഇപ്പോള്‍ ഉള്ള പ്രധാന പ്രശ്നം. അത് പരിഹരിച്ചാല്‍ പ്രദേശത്തെ ഏറ്റവും വലിയ കേവ് ടൂറിസം പദ്ധതിയാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മഴയിലും മറ്റും ഒലിച്ചു വരുന്ന മണ്ണും ചെളിയും കാരണം ഗുഹ പൂര്‍ണമായി അടഞ്ഞ അവസ്ഥയിലാണ്. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ 2 വര്‍ഷം മുന്‍പ് ഗുഹയുടെ ഉള്ളിലെ മണ്ണ് മാറ്റി ജനങ്ങള്‍ക്ക് ഉള്ളില്‍ കയറാന്‍ പറ്റുന്ന തരത്തില്‍ ആക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുഹയില്‍ ഒരു ഭാഗത്ത് കയറി മറുഭാഗത്ത് ഇറങ്ങാന്‍ കഴിയുമായിരുന്നു.
കാലപ്പഴക്കം കാരണം ആ സംവിധാനങ്ങള്‍ ഇല്ലാതായി ഗുഹയുടെ മുകളില്‍ മേല്‍ക്കൂരയായി നിരന്ന പാറയാണ്. ഇതിന് മുകളിലായി വലിയ 2 കാല്‍പാടുകള്‍ കാണാനുണ്ട്. ചരിത്ര ഇതിഹാസ നായകന്‍ ഒതേനന്റെ കാല്‍പാടുകള്‍ പതിഞ്ഞതായി ആണ് ഐതീഹ്യം. പദ്ധതി നടപ്പാക്കുന്ന മൈതാനിയുടെ ഒരു ഭാഗത്തായി കാലങ്ങളായി വറ്റാത്ത നീരുറവയുണ്ട്.
പ്രദേശവാസികള്‍ വേനല്‍ കാലത്ത് ഈ വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ പദ്ധതി പ്രദേശം ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ച സാഹചര്യത്തില്‍ ആര്‍ക്കും വെള്ളം എടുക്കാന്‍ പറ്റാത്ത സാഹചര്യമാണ്. പ്രദേശത്തുള്ള കോളനികളിലെ കുടിവെള്ള പദ്ധതിയുടെ ടാങ്കും മറ്റും ഇതിന് ഉള്ളിലാണു ഉള്ളത്.
പദ്ധതി പ്രദേശം അടച്ചിടുന്നത് കാരണം വെള്ളം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട് ചേര്‍മലയുടെ മുകളില്‍ എത്തിയാല്‍ നാലു ഭാഗവും താഴ്‌വര മുഴുവന്‍ കാണാനാകും എന്നതാണ് പ്രത്യേകത.
പേരാമ്പ്ര ടൗണില്‍ എത്തുന്നവര്‍ക്ക് സായാഹ്നം ചെലവഴിക്കാന്‍ പാര്‍ക്കും മറ്റു സൗകര്യങ്ങളും നിലവിലില്ല. പൂര്‍ത്തിയായാല്‍ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍.
3.72 കോടി രൂപ ചെലവിലാണ് പേരാമ്പ്ര ചേര്‍മലയില്‍ കേവ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. അതിനോട് അനുബന്ധമായി ഗ്ലാസ് ബ്രിഡ്ജ് സംവിധാനം ഉണ്ടാക്കാന്‍ കൂടുതല്‍ പണം ആവശ്യമുണ്ട്. അതിനായി സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടം നവംബറില്‍ ഉദ്ഘാടനം ചെയ്യാനാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പദ്ധതി നടപ്പായാല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേവ് ടൂറിസം പദ്ധതിയായിരിക്കും പേരാമ്പ്ര ചേര്‍മലയില്‍ ഉണ്ടാകുന്നത്. പേരാമ്പ്ര മേഖലയിലെ ജനങ്ങള്‍ക്ക് വളരെ ഏറെ പ്രയോജനകരമായ രീതിയില്‍ ഉള്ള ടൂറിസം പദ്ധതിയാണ് ചേര്‍മലയില്‍ ഉണ്ടാകാന്‍ പോകുന്നത്. നവംബര്‍ മാസത്തില്‍ നാട്ടുകാര്‍ക്കായി തുറന്നു കൊടുക്കാനാണ് ആലോചിക്കുന്നത്.
ആദ്യഘട്ടം പണികള്‍ ആ സമയം ആകുമ്പോഴേക്കും തീര്‍ക്കും. 6 മാസം കൊണ്ട് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കും എന്ന് ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എ അവകാശപ്പെട്ട പദ്ധതി 18 മാസം പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങുകയാണ്.
നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി മതില്‍ കെട്ടി അടച്ചതോടെ പാറപ്പുറം കൂടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ ടാങ്കില്‍ പ്രവേശിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്. എത്രയും പെട്ടെന്ന് പദ്ധതി പൂര്‍ത്തീകരിക്കുകയും പദ്ധതി നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി ജനങ്ങള്‍ക്ക് ഉണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കാനും അധികാരികള്‍ തയാറാകണം.
നിരവധി ആളുകള്‍ വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ വന്ന് പോകുന്ന സ്ഥലമാണ് ചേര്‍മല ടൂറിസം പദ്ധതി പണി തുടങ്ങിയെങ്കിലും ഒന്നും ആയിട്ടില്ല. എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമായാല്‍ കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ കഴിയുന്ന മനോഹരമായ ഇടമായി ചേര്‍മല മാറും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചേര്‍മലയിലേക്കുള്ള റോഡ് നവീകരിക്കാനും അധികാരികള്‍ തയാറാകണമെന്നാണ് ആവശ്യം.
Construction of Chermala Tourism Project; Unable to complete