പേരാമ്പ്ര: കുഴല്‍പ്പണം എത്തിക്കുന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു സംഘം ചേര്‍ന്ന് ആക്രമിച്ചു പണം തട്ടുന്ന കവര്‍ച്ച സംഘത്തെ വലയിലാക്കി പേരാമ്പ്ര പൊലീസ്. പോണ്ടിച്ചേരി സ്വദേശികളായ വിനോദ് (21), മാരിയന്‍ (24), ശ്രീറാം (21), മാഹി സ്വദേശി ഷിജിന്‍ (35) തുടങ്ങിയവരാണ് അറസ്റ്റിലായത്.
ബൈക്കില്‍ എത്തുന്ന കുഴല്‍പ്പണ വിതരണക്കാരെ ഇവര്‍ മര്‍ദിച്ചു ഇവരുടെ വാഹനത്തില്‍ കയറ്റും. പിന്നീട് പണം മുഴുവനായും കൈക്കലാക്കി അവരെ വഴിയില്‍ ഉപേക്ഷിച്ചു മുങ്ങുന്നതാണ് ഇവരുടെ രീതി.
സെപ്റ്റംബര്‍ 10 ന് സമാന രീതിയില്‍ കടമേരി സ്വദേശി ജൈസല്‍ എന്നയാളെ ആക്രമിച്ചു 7 ലക്ഷം രൂപ കവര്‍ന്ന് വെള്ളിയൂരില്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയെങ്കിലും നമ്പര്‍ വ്യാജമായിരുന്നു. ശേഷം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അസൂത്രിതമായ നീക്കത്തിലൂടെ മാഹിയിലെ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
പേരാമ്പ്ര ഡിവൈഎസ്പി കെ.കെ. ലതീഷ്, ഇന്‍സ്പെക്ടര്‍ പി ജംഷിദ് എന്നിവരുടെ നിര്‍ദേശ പ്രകാരം പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഷമീര്‍, എസ് സി പി ഒ മാരായ സി.എം സുനില്‍ കുമാര്‍, വിനീഷ്, സിപിഒ വി.സി ശ്രീജിത്ത് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
കേരള പൊലീസിന് തന്നെ അഭിമാനിക്കാവുന്ന തരത്തിലുള്ള നിരവധി കേസുകളുടെ അന്വേഷണം ആണ് പേരാമ്പ്ര സ്‌ക്വാഡ് നടത്തിയിട്ടുള്ളത്.
ഈ അടുത്ത കാലത്താണ് 5778 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു ആസാം സ്വദേശിയായ പോക്‌സോ കേസ് പ്രതിയെ പിടിച്ച് പേരാമ്പ്ര സ്‌ക്വാഡ് കേരള പൊലീസിന്റെ അഭിമാനമായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Perambra squad caught the pipe robbery gang in a daring manner