പേരാമ്പ്ര : മുതുവണ്ണാച്ചയിലെ പുരാതനമായ ചിറക്കര നരസിംഹമൂര്‍ത്തി ക്ഷേത്രം പുനരുദ്ധാരണത്തിന്റെ മുന്നോടിയായി ഗണപതി പ്രീതിക്കായ് പ്രത്യക്ഷ മഹാഗണപതി ഹോമം നടത്തി. ഇവിടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് മഹാഗണപതിഹോമവും സ്വര്‍ണ്ണ പ്രശനവും നടത്തുന്നത്.
ക്ഷേത്ര മുറ്റത്ത് പ്രത്യേകം ഒരുക്കിയ ഹോമകുണ്ഡത്തിലാണ് മഹാഗണപതി ഹോമം നടത്തുന്നത്. ഗണപതി ഹോമം ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും നടത്തപ്പെടുമെങ്കിലും ക്ഷേത്രങ്ങളില്‍ മാത്രം നടത്തി വരുന്ന വിശേഷാന്‍ ചടങ്ങാണ് പ്രത്യക്ഷ മഹാഗണപതി ഹോമം അഥവാ അഷ്ടദ്രവ്യ ഗണപതിഹോമം.
ഗണപതിയുടെ പ്രതീകമായി കണ്ടുവരുന്നതാണ് ഗജമുഖന്‍ അഥവാ ആന. ഗണപതിഹോമത്തില്‍ ഹോമകുണ്ഡത്തെ ഗണപതിയായി കരുതി അതിലെ അഗ്‌നിയിലേക്ക് കൊട്ടതേങ്ങ, അവില്‍, മലര്‍, ശര്‍ക്കര, പഴം, കരിമ്പ് എന്നിവ നിവേദിക്കും. അഗ്‌നിയില്‍ ഹോമിക്കപ്പെടുന്ന പൂജാദ്രവ്യങ്ങള്‍ ഗണപതി കഴിക്കുന്നതാണ് വിശ്വാസം.
എന്നാല്‍ പ്രത്യക്ഷ മഹാഗണപതി ഹോമത്തില്‍ വലിയ ഹോമകുണ്ഡം തയ്യാറാക്കിയാണ് ഹോമം നടത്തുന്നത്. ഇതില്‍ അഷ്ടദ്രവ്യങ്ങളായ കൊട്ടതേങ്ങ, അവില്‍, മലര്‍, ശര്‍ക്കര, കദളിപ്പഴം, നാരങ്ങ, എള്ള്, കരിമ്പ് എന്നിവയും ഗണപതിയുടെ ഇഷ്ട നിവേദ്യങ്ങളായ അപ്പം, അട എന്നിവയും ഹോമിക്കുകയും കൂടാതെ ഹോമകുണ്ഡത്തിന് വലത് വശത്ത് വരച്ചുണ്ടാക്കുന്ന പത്മത്തിലും ഗണപതിയെ പൂജിച്ച് നിവേദിക്കും. ഇതാണ് ഭക്തര്‍ക്ക് നിവേദ്യമായി നല്‍കുന്നത്. ഇതിന് പുറമേ ആനയെ നിര്‍ത്തി ഗണപതി മന്ത്രം കൊണ്ട് പൂജിച്ച് നിവേദ്യമര്‍പ്പിക്കും.
ഹോമകുണ്ഡത്തിന് മുന്നില്‍ ആനയെ ഇരുത്തിയാണ് പൂജാ കര്‍മ്മങ്ങള്‍ നടത്തുക. തുടര്‍ന്ന് ആനയൂട്ടും കരിമ്പ്, പഴം എന്നിവയും നല്‍കും. സൂര്യകാലടിയിലെ സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പ്രത്യക്ഷ മഹാഗണപതി ഹോമം നടത്തിയത്. ഇതിന്റെ ഭാഗമായി നടത്തിയ മൃത്യുജ്ഞയ ഹോമത്തിനും ഭഗവതി സേവക്കും ഇളമന ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി നേതൃത്വം നല്‍കി.
ക്ഷേത്രം മേല്‍ശാന്തി വീട്ടിയോട്ട് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, മോഹനന്‍ നമ്പൂതിരി, അഭിജിത്ത് നമ്പൂതിരി, ആനന്ദ് നമ്പൂതിരി എന്നിവര്‍ പൂജാ കര്‍മ്മങ്ങളില്‍ പങ്കാളികളായി അക്കരമ്മല്‍ ബാബുലാല്‍ തിരുവമ്പാടി എന്ന ലക്ഷണമൊത്ത കൊമ്പനെയാണ് പ്രത്യക്ഷ ഗണപതിയായി സങ്കല്പിച്ചത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ പ്രത്യക്ഷ മഹാഗണപതി ഹോമത്തില്‍ പങ്കാളികളാവാന്‍ എത്തിച്ചേര്‍ന്നു.
23,24,25 തിയ്യതികളില്‍ ക്ഷേത്രത്തില്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സ്വര്‍ണ്ണപ്രശ്‌നവും നടത്തുന്നു
Muthuvannacha performed the Parthika Mahaganapati Homam at the chirakkara Narasimha Murthy Temple