പേരാമ്പ്ര: മഹാത്മാ ഗാന്ധിയുടെ ദര്‍ശനങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയും അത് പ്രചരിപ്പിക്കുന്നതിന് തന്റെ ജീവിതം മാറ്റിവെച്ച് ഒരു അധ്യാപകന്‍. തന്റെ ചെറുപ്രായത്തില്‍ ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ ബാലുശ്ശേരി സ്വദേശിയായ കെ.പി മനോജ് കുമാറാണ് തന്റെ ജീവിതം ഗാന്ധിയന്‍ ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനായി മാറ്റി വെച്ചത്. തന്റെ വീടു തന്നെ അദ്ദേഹം ഇതിനായി മാറ്റി വെച്ചിരിക്കുകയാണ്. വീടിന്റെ മതിലില്‍ ഗാന്ധിജിയുടെ ചിത്രങ്ങളും ദണ്ഡിയാത്രയുടെ ചരിത്രവും ആലേഖനം ചെയ്തു വച്ചിരിക്കുകയാണ്.
ഗാന്ധിജിയുടെ ജനനം മുതല്‍ ചിതയില്‍ ഭൗതിക ദേഹം വരെയുള്ള 150 ല്‍ പരം ചിത്രങ്ങള്‍ അദ്ദേഹം ഒരു നിധിപോലെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. ഇത് പുതു തലമുറക്ക് പരിചയപ്പെടുത്താനും അദ്ദേഹം സമയം കണ്ടെത്തുന്നു. ഗാന്ധി ദര്‍ശനങ്ങള്‍ വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിനായി നിരവധി ഗാന്ധി പുസ്തകങ്ങളാണ് അദ്ദേഹം അവരുടെ കൈകളില്‍ എത്തിക്കുന്നത്. ശാന്തമായൊരു യാത്രയുടെ പേരാണ് മഹാത്മാഗാന്ധി.
1869 ഒക്ടോബര്‍ 2 ന് പോര്‍ബന്തറില്‍ നിന്ന് തുടങ്ങി 1948 ജനുവരി 30 ന് ഡല്‍ഹിയില്‍ അവസാനിച്ച യാത്ര. ആ മഹായാത്ര ലോകത്തിനു പകര്‍ന്നു തന്ന ജീവിത പാഠങ്ങളുടെ സമകാലിക പ്രസക്തി കൂടുതല്‍ തെളിച്ചത്തോടെ വെളിച്ചത്ത് വരുന്ന വര്‍ത്തമാനകാലത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പറഞ്ഞും പ്രചരിപ്പിച്ചും പുതുതലമുറക്ക് പകര്‍ന്ന് നല്‍കി കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയാണ് സര്‍വോദയം ട്രസ്റ്റ് ചെയര്‍മാനും കോഴിക്കോട് മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ സ്‌കൂളിലെ മുന്‍ അധ്യാപകനുമായ കെ.പി മനോജ് കുമാര്‍.
ചോരയ്‌ക്കൊപ്പം സിരകളില്‍ ഗാന്ധി സ്‌നേഹമൊഴുകുന്ന ഈ റിട്ട. അധ്യാപകന്‍ സമുഹത്തിന് നല്‍കുന്ന നന്മകളെല്ലാം ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പിന്‍ബലത്തിലാണ്. 'തന്റെ ഓരോ പുലരിയും മിഴി തുറക്കുന്നത് മഹാന്മാഗാന്ധിയുടെ ഓരോ വചനങ്ങള്‍ വായിച്ചു കൊണ്ടാണ്. അതിനു ശേഷം വായിച്ച വചനം മറ്റുള്ളവര്‍ക്ക് വേണ്ടിഅയച്ചു കൊടുക്കും. ഫോണില്‍ സ്റ്റാറ്റസ് ആക്കി വെയ്ക്കുകയും ചെയ്യും. ഇത് വര്‍ഷങ്ങളായി തുടരുന്ന പതിവാണ്.'' ബാലുശ്ശേരിയിലെ 'സര്‍വോദയം' വീട്ടിലിരുന്ന് കെ.പി മനോജ് കുമാര്‍ പറയുന്നു.
2024 മെയ് 31 ന് സ്‌കൂളില്‍ നിന്ന് വിരമിച്ച സമയത്ത് മഹാത്മാഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ 'എന്ന ആത്മകഥയുടെ 2600-ല്‍ അധികം പുസ്തകം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയിരുന്നു. ഗാന്ധി നടന്ന വഴിയിലൂടെ യാത്ര, സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിയന്‍ പഠന ക്ലാസ് തുടങ്ങിയവ സംഘടിപ്പിക്കുന്നു.
സാമൂഹ്യ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന മനോജ് കുമാര്‍ നേതൃത്വം നല്‍കുന്ന ബാലുശ്ശേരിയിലെ വിശപ്പ് രഹിത പദ്ധതി ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. ഈ പദ്ധതിയിലൂടെ ഒരുദിവസം 30 മുതല്‍ 40 വരെയുള്ള ആളുകള്‍ക്ക് ടോക്കണ്‍ സമ്പ്രദായത്തിലൂടെ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കി വരുന്നു. മനോജ് കുമാറിന്റെ 'സര്‍വോദയം' എന്ന വീടിന്റെ ചുറ്റുമതില്‍ 'ഉപ്പ് സത്യാഗ്രഹ സ്മൃതി ' മതിലാണ്. ഇതിനു പിന്നില്‍ മാസ്റ്ററുടെ മനസിന്റെ ആഴത്തില്‍ ഊന്നിയ ഗാന്ധിസം തന്നെയാണെന്ന് കൂടുതല്‍ തെളിമയോടെ പ്രകാശിച്ചു നില്‍ക്കുന്നു.
തന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് 8-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മലയാളം പാഠ പുസ്തകത്തിലെ ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ' എന്ന കഥയിലെ കളവും പ്രായശ്ചിദ്ധവും എന്ന അധ്യായം പഠിക്കാന്‍ ഇടയായത്. അതോടെയാണ് സത്യത്തിന്റെയും, ഗാന്ധിയന്‍ ദര്‍ശനങ്ങളുടെയും മൂല്യം എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കിയത്. ഇതാണ് പിന്നീട് ഗാന്ധി ചിന്തയിലേക്കും ഗാന്ധി വായനയിലേക്കും കടക്കാന്‍ പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു.
ഉപ്പ് സത്യാഗ്രത്തില്‍ പങ്കെടുത്ത 81 ആളുടെ പേരും, സ്ഥലവും ,വയസ്സും, ക്രമനമ്പറും സഹിതം കൃത്യമായി തന്നെ ഇദ്ദേഹത്തിന്റെ വീടിന്റെ മതിലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉപ്പ് സത്യാഗ്രഹ സമരം ഇന്ത്യയുടെ പല ഭാഗങ്ങളിലും അലയൊലികള്‍ തീര്‍ത്തിരുന്നു. അതിന്റെ ഭാഗമായി കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് കെ. കേളപ്പന്റെ നേതൃത്വത്തില്‍ 30 ആളുകള്‍ ജാഥ നയിച്ച് കടന്നു പോയത് ബാലുശേരിയിലൂടെയായിരുന്നു. അതിന്റെ സ്മരണ നിലനിര്‍ത്താനും, പുതുതലമുറയിലേക്ക് എത്തിക്കുന്നതിനു വേണ്ടിയും' ഉപ്പ് സത്യാഗ്രഹ സ്മൃതി മതില്‍ ' തയ്യാറാക്കിയതിന്റെ അഭിമാനവും അദ്ദേഹം പങ്കുവെച്ചു.
ഉപ്പ് സത്യാഗ്രഹത്തിലെ ചിത്രങ്ങള്‍ മതിലില്‍ വരച്ചത് സ്‌കൂളിലെ അധ്യാപകനായ വി.കെ ലിജീഷാണ്. മഹാത്മജിയുടെ ജീവിതത്തിലെ ഐതിഹാസികമായ ജീവിത ചരിത്രം മനോഹരമായ ചിത്രങ്ങളിലൂടെയും മനോജ് കുമാര്‍ 'സര്‍വേദയം' വീട്ടില്‍ ഒരുക്കി വച്ചിട്ടുണ്ട്. കുഷ്ഠരോഗികളെ സമൂഹം അറപ്പും വെറുപ്പോടെയും കണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ പര്‍ച്ചുര്‍ ശാസ്ത്രി എന്ന കുഷ്ഠ രോഗിയെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട് ചലവും ചോരയും ഒപ്പിയെടുക്കുന്ന ഗാന്ധിജിയുടെചിത്രമാണ് എന്നെ ഏറെ സാധീനിച്ചതും, വേദനിപ്പിച്ചെതെന്നും മനോജ്കുമാര്‍ പറഞ്ഞു.
നിരവധി പ്രദര്‍ശനശാലകളിലേക്കായി ഈ ഗാന്ധി ചിത്രങ്ങള്‍ ഇന്നും കൊണ്ടു പോകാറുണ്ട്. കൂടാതെ മഹാത്മജിയുടെ 18 ഭാഷയിലുള്ള ആത്മകഥയും സര്‍വോദയം വീട്ടിലിന്നുണ്ട്. ഈ വര്‍ഷം 155-ാം ഗാന്ധിജയന്തിയുടെ ഭാഗമായി ബാലുശ്ശേരി ജിഎല്‍പി സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും 'മോനിയ എന്ന കുട്ടി' എന്ന പുസ്തകം തൊട്ടടുത്ത ദിവസം ഇദ്ദേഹം സമ്മാനമായി നല്‍കിയിരുന്നു. ഓട്ടിസം ബാധിച്ച ഒരു പാവപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ലൈഫില്‍ വീടു വെയ്ക്കാനുള്ള സ്ഥലം മനോജ് കുമാര്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്.
ഗാന്ധിജിയുടെ ജനനം മുതല്‍ മരണം വരെയുള്ള ചരിത്ര മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ 100 ല്‍ അധികം പുസ്തകങ്ങള്‍ മനോജ് കുമാറിന്റെ കൈവശമുണ്ട്. വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും ഗാന്ധിയന്‍ ജീവിത മൂല്യങ്ങള്‍ എത്തിക്കാന്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിസ് എബിലിറ്റി മിഷന്‍ കേരള ഏര്‍പ്പെടുത്തിയ ഗാന്ധി പീസ് പുരസ്‌കാരവും കോഴിപറമ്പത്ത് മനോജ്കുമാറെന്ന 56 വയസ്സുകാരന് ലഭിച്ചു.
KP Manojkumar by telling and spreading Gandhian visions