പേരാമ്പ്ര: പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡിന്റെയും കൂത്താളി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡിന്റെയും അതിരിനിടയില്‍ റോഡ് തകര്‍ന്ന് യാത്ര ദുരിതത്തിലായിരിക്കുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ലക്ഷങ്ങള്‍ ചിലവിട്ട് ടാറിട്ട പ്രധാന ഉള്‍നാടന്‍ റോഡാണ് ഈവിധം തകര്‍ന്നത്.
സര്‍ക്കാരിന്റെ തന്നെ വാട്ടര്‍ അഥോറിറ്റി ജല്‍ജീവന്‍ പദ്ധതിക്ക് വേണ്ടി മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു ഭാഗവും ജെസിബി ഉപയോഗിച്ച് കീറിയിട്ടതാണ് റോഡ് തകരാന്‍ കാരണം. ഇത് വരെ അത് ഉപയോഗ യോഗ്യമാക്കാന്‍ ആരും തയ്യാറായിട്ടില്ല. നിത്യേന അനേകം വാഹനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്ന പാതയാണിത്.
മാസങ്ങള്‍ക്ക് മുമ്പ് ചെമ്പ്ര റോഡ് കലുങ്ക് നിര്‍മാണത്തിന് അടച്ചപ്പോള്‍ ഒട്ടേറെ വാഹനങ്ങള്‍ ചെമ്പ്ര നിന്നും പേരാമ്പ്രയിലേക്കും തിരിച്ചും പോകാന്‍ ഈവഴി ഉപയോഗ പെടുത്തിയിരുന്നു.
ഒരു പദ്ധതിക്ക് മീറ്റര്‍ വെച്ച് ജലം നല്‍കാന്‍ വേണ്ടി ഒന്നര മീറ്ററിലും അടുത്ത് സമാന്തരമായി ചാലുകള്‍ കീറിമാറ്റി പൈപ്പ് ഇടുന്നതിന് പകരം ഒരു ഭാഗത്ത് മാത്രം അങ്ങിനെ ചെയ്താല്‍ ഇങ്ങിനെ ജനങ്ങള്‍ ദുരിതം നേരിടില്ലായിരുന്നു. പദ്ധതിമൂലം ആര്‍ക്കും നാളിതു വരെ ഒരുതുള്ളി ജലവും ലഭിച്ചിട്ടില്ല എന്നത് വസ്തുതയായി അവശേഷിക്കുന്നു. അപകടകരമായ ഈ റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം.
Aquatic Project; The road was damaged and the journey was difficult at koothali